കോവിഡ് മുക്തരായവരില്‍ രോഗങ്ങള്‍ വര്‍ധിക്കുന്നു; സംസ്ഥാനത്ത്​ പോസ്റ്റ്​​ കോവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നു

തിരുവനന്തപുരം:കോവിഡ് മുക്തരായവരില്‍ വിവിധതരത്തിലുള്ള രോഗങ്ങള്‍ (പോസ്റ്റ് കോവിഡ് രോഗങ്ങള്‍) വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പോസ്റ്റ്​ കോവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന്​ ആരോഗ്യവകുപ്പ്​ മന്ത്രി വീണ ജോർജ്. 

പോസ്റ്റ്​ കോവിഡ് ചികിത്സ ഫലപ്രദമാക്കുന്നതിന് ആശാപ്രവര്‍ത്തകരുടെ സഹായത്തോടുകൂടി ഫീല്‍ഡ് തലം മുതല്‍ കോവിഡ് മുക്തരായവരെ നിരീക്ഷിക്കാനും പ്രശ്‌നങ്ങളുള്ളവരെ അടുത്തുള്ള പോസ്റ്റ് കോവിഡ് ക്ലിനിക്കിലേക്ക് എത്തിക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഈ രോഗികളെ പരിശോധിക്കും.ഗുരുതരമല്ലാത്ത രോഗങ്ങള്‍ക്ക് ചികിത്സ നല്‍കുന്നതോടൊപ്പം തുടര്‍ നിരീക്ഷണത്തിനായി ഇവരെ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും. വിദഗ്​ധ ചികിത്സ ആവശ്യമായി വരുന്ന രോഗികളെ താലൂക്ക്, ജില്ലാ ആശുപത്രികളില്‍ സജ്ജമാക്കിയ സ്‌പെഷ്യാലിറ്റി, പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിലേക്കും മെഡിക്കല്‍ കോളേജുകളിലേക്കും റഫര്‍ ചെയ്യുന്നതിനുള്ള സംവിധാനവുമാണ്​ ഒരുക്കുന്നതെന്ന്​ മന്ത്രി പറഞ്ഞു.

ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ക്കും വേണ്ടി സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമിലെ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമില്‍ ഒരു കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്. സ്​റ്റേറ്റ്​ ഹെല്‍ത്ത് ഏജന്‍സിയുടെ സഹായത്തോടെ സ്വകാര്യ മേഖലയിലെ ആശുപത്രികളിലെ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നതിന് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്​ മന്ത്രി അറിയിച്ചു. 

ഇ സഞ്ജീവനി വഴിയോ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ വഴിയോ ചികിത്സ തേടേണ്ടതാണ്​. സംശയങ്ങള്‍ക്ക് ദിശ 104, 1056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. സംസ്ഥാനത്ത് 1183 പോസ്റ്റ് കോവിഡ് ക്ലിനിക്കുകളാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇതോടൊപ്പം ജില്ലാതല പോസ്റ്റ് കോവിഡ് ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രതലം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ സജ്ജീകരിച്ചിട്ടുള്ളതാണ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനം. ഈ ക്ലിനിക്കുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാണ്​ സർക്കാർ നിര്‍ദേശം നല്‍കിയിരിക്കുന്നത്​.

Tags:    
News Summary - Various diseases are on the rise in covid-free people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.