വി. ജോയ്, രാഹുൽ മാങ്കൂട്ടത്തിൽ
‘കാട്ടിലെ മാൻകൂട്ടം ഉപദ്രവിക്കില്ല, പക്ഷേ നാട്ടിലേത്...’; രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പരിഹസിച്ച് വി. ജോയ്
തിരുവനന്തപുരം: പാലക്കാട് എം.എല്‍.എ രാഹുൽ മാങ്കൂട്ടത്തിലിനെ നിയമസഭയിൽ പരോക്ഷമായി പരിഹസിച്ച് എം.എൽ.എ വി. ജോയ്. കാട്ടിലെ മാൻകൂട്ടം ഉപദ്രവിക്കില്ല, എന്നാൽ നാട്ടിലെ മാൻകൂട്ടം അപകടകാരികളാണ്. സ്വന്തം അച്ഛനേക്കാൾ പ്രായമുള്ള ആളുകളെയും ഈ മാൻ കൂട്ടം അഭിസംബോധന ചെയ്യുന്നത് എടോ എന്നാണ്. ദൈവം ഉണ്ടോ ഇല്ലയോ എന്ന് തനിക്ക് പറയാൻ സാധിക്കില്ലെന്നും പക്ഷേ അദ്ദേഹത്തിന് പണി കിട്ടിയെന്നും വി. ജോയ് പറഞ്ഞു.
“കാട്ടിൽ മാൻകൂട്ടങ്ങൾ ഉണ്ട്. അത് ഉപദ്രവകാരികൾ അല്ല. എന്നാൽ, നാട്ടിൽ ചില മാൻകൂട്ടങ്ങൾ ഉണ്ട്. അത് അപകടകാരികളാണെന്നും വി. ജോയ് പറഞ്ഞു. സ്വന്തം അച്ഛനേക്കാൾ പ്രായമുള്ള ആളുകളെയും ഈ മാൻ കൂട്ടം അഭിസംബോധന ചെയ്യുന്നത് എടോ എന്നാണ്. ദൈവം ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് പറയാൻ സാധിക്കില്ല. പക്ഷേ അദ്ദേഹത്തിന് പണി കിട്ടി. ഇപ്പോൾ വലിയ കരച്ചിലിലാണ്. മാൻ കൂട്ടങ്ങൾ വലിയ ഉയരത്തിൽ ചാടാറുണ്ട്. ഇവിടെയും മാൻ കൂട്ടം ചാടുകയാണ്. ചില ചാട്ടങ്ങൾ കൊണ്ട് ബാംഗ്ലൂർ വരെ എത്തി. മയക്കു വെടിവെയ്ക്കാൻ തീരുമാനിച്ചെങ്കിലും ഏറ്റില്ല. മറിച്ച് വെടി വെക്കാൻ ശ്രമിച്ചവർക്ക് തന്നെ അത് കൊള്ളുകയായിരുന്നു” -വി. ജോയ് പറഞ്ഞു.
വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ വ്യാഴാഴ്ച രാവിലെ ശബരിമലയിൽ ദർശനം നടത്തി. പുലർച്ചെ നട തുറന്നപ്പോൾ നിർമാല്യം തൊഴുതതിന് ശേഷം 7.30ന്റെ ഉഷപൂജയിലും രാഹുൽ പങ്കെടുത്തു. പമ്പയിൽനിന്ന് കെട്ടുനിറച്ചാണ് രാഹുൽ അയ്യപ്പസന്നിധിയിലെത്തിയത്. സുഹൃത്തുക്കൾക്കൊപ്പമാണ് മല ചവിട്ടിയത്. എം.എൽ.എ ബോർഡുവെച്ച കാറിൽ പത്തനംതിട്ട അടൂരിലെ വീട്ടിൽ നിന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ശബരിമല ദർശനത്തിനായി പുറപ്പെട്ടത്.
തിങ്കളാഴ്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാടിനെ അവഗണിച്ച് രാഹുൽ നിയമസഭയിൽ എത്തിയിരുന്നു. സഭ തുടങ്ങി 18-ാം മിനിറ്റിൽ എംഎൽഎ ബോർഡില്ലാത്ത കാറിന്‍റെ മുൻ സീറ്റിലിരുന്ന് രാഹുൽ നിയമസഭയുടെ കവാടം കടന്നു. ചരമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പ്രസംഗിച്ചു കൊണ്ടിരിക്കെ, സഭയ്ക്കകത്തെത്തി പുതിയ സീറ്റിലിരുന്നു. പ്രത്യേക ബ്ലോക്കിലായ രാഹുലിന്‍റെ അടുത്തേക്ക് കോൺഗ്രസുകാർ ആരും എത്തിയില്ല. എന്നാൽ ലീഗ് എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, നജീബ് കാന്തപുരം, യു.എ. ലത്തീഫ്, എ.കെ.എം. അഷ്റഫ് എന്നിവർ അടുത്തുചെന്ന് സംസാരിച്ചു.
ഇതിനിടെ രാഹുലിന്റെ അടുത്ത് ഉദ്യോഗസ്ഥൻ കുറിപ്പ് എത്തിച്ചു. അത് വായിച്ച് മറുപടി നൽകിയതിന് പിന്നാലെ സഭാ ഹാളിൽ നിന്ന് പുറത്തേക്ക്. മാധ്യമങ്ങളോട് സംസാരിക്കാൻ തയാറാകാതിരുന്ന രാഹുൽ, നേരെ പട്ടം ഭാഗത്തേക്ക് പാഞ്ഞു. അവിടുന്ന് തിരിച്ച് എം.എൽ.എ ഹോസ്റ്റലിലേക്ക്. നിയമസഭയിൽ മാത്രമല്ല, വരും ദിവസങ്ങളിൽ മണ്ഡലത്തിലും സജീവമാകാനാണ് രാഹുലിന്റെ തീരുമാനമെന്നാണ് വിവരം. വൈകാതെ പാലക്കാട്ടേക്ക് എം.എൽ.എ എത്തുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.