പ്രതീകാത്മക ചിത്രം
അപ്രഖ്യാപിത വൈദ്യുതി മുടക്കം കേരളത്തിലുടനീളം പ്രതിഷേധത്തിന് കാരണമാകുയാണ്. തൃശൂർ ജില്ലയിൽ വൈദ്യുതി തടസ്സം നീണ്ടതിനെ തുടർന്ന് ചൊവ്വാഴ്ച അർദ്ധരാത്രിയിൽ എരുമപ്പെട്ടിയിലെ കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെ.എസ്.ഇ.ബി) കുണ്ടന്നൂർ ഡിവിഷൻ ഓഫീസിലേക്ക് ജനക്കൂട്ടം മാർച്ച് നടത്തി. ബുധനാഴ്ച പുലർച്ചെ വരെ പ്രതിഷേധം തുടർന്നു. ഇതിന് പരിഹാരം ആവശ്യപ്പെട്ട് നിരവധി പേർ ഓഫീസ് പരിസരത്തും പുറത്തും കിടന്നു. ഒരു പ്രധാന ഫീഡർ ലൈനിലെ തകരാറുമൂലമാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ അറിയിച്ചെങ്കിലും അവർ പ്രതിഷേധം തുടർന്നു.
കോഴിക്കോടും സമാനമായ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. വൈദ്യുതി തടസ്സത്തെ തുടർന്ന് യൂത്ത് ലീഗ് പ്രവർത്തകർ പന്നിയങ്കര കെ.എസ്.ഇ.ബി ഓഫീസിൽ പ്രകടനം നടത്തി.നാദാപുരം സബ് സ്റ്റേഷനിൽ പ്രവർത്തകർ മെഴുകുതിരി കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. മലപ്പുറത്തെ പാണ്ടിക്കാട് കെ.എസ്.ഇ.ബി ഓഫീസിലും ഇന്നലെ രാത്രി യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമാനമായ പ്രതിഷേധ പ്രകടനം നടത്തി. വൈദ്യുതി തടസ്സം സംബന്ധിച്ച പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പലയിടത്തും കെഎസ്ഇബി ജീവനക്കാർ പോലീസ് സംരക്ഷണം തേടിയതായി റിപ്പോർട്ടുണ്ട്.
കടുത്ത ചൂട് കാരണം ഗ്രിഡ് സ്ഥിരത നിലനിർത്തുന്നതിനായി വൈകുന്നേരം 6 മണി മുതൽ അർദ്ധരാത്രി വരെ 30 മിനിറ്റ് വരെ ഹ്രസ്വകാല വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി പ്രഖ്യാപിച്ച സമയത്താണ് പ്രതിഷേധങ്ങൾ പെരുകുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാറിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച കെ.എസ്.ഇ.ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മിൻഹാജ് ആലം, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
വൈദ്യുതി ആവശ്യകതയിലെ കുത്തനെയുള്ള വർദ്ധനവ് , വിതരണ ശൃംഖലയിൽ ഗണ്യമായ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടെന്നും, സമയബന്ധിതമായി കൈകാര്യം ചെയ്തില്ലെങ്കിൽ ഗുരുതരമായ തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും കെ.എസ്.ഇ.ബി പ്രസ്താവനയിൽ പറഞ്ഞു. ഗ്രിഡ് സ്ഥിരത ഉറപ്പാക്കുന്നതിന് ആവശ്യമെങ്കിൽ വൈകുന്നേരങ്ങളിൽ ഹ്രസ്വകാല നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ സംസ്ഥാന ലോഡ് ഡെസ്പാച്ച് സെന്ററിന്റെ ചീഫ് എഞ്ചിനീയർക്ക് അധികാരമുണ്ടെന്നും സ്ഥിതിഗതികൾ ദിവസവും അവലോകനം ചെയ്യും എന്നും യോഗത്തിൽ പറഞ്ഞു.
കടുത്ത ചൂടും ഇൻഡക്ഷൻ കുക്കറുകളുടെയും എയർ കണ്ടീഷണറുകളുടെയും വർദ്ധിച്ച ഉപയോഗവുമാണ് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണമായത് എന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി മെയ് 15 വരെ പ്രതിദിനം 250 മെഗാവാട്ട് അധിക വൈദ്യുതി സംഭരിക്കാൻ കെ.എസ്.ഇ.ബിക്ക് കേരള സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മീഷൻ അനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.