ശംഭു ആർ. കൃഷ്ണൻ
തിരുവനന്തപുരം: പൊലീസ് റിക്രൂട്ട് ട്രെയ്നികളിൽ നിന്ന് യൂനിഫോം തുണി വാങ്ങാനും തയ്ക്കാനുമായി പിരിച്ച പണം തട്ടിയ കേസിൽ അറസ്റ്റിലായ പൊലീസുകാരനെ അറസ്റ്റ് ചെയ്തു. കെ.എ.പി മൂന്നാം ബറ്റാലിയനിലെ ട്രെയിനി പൊലീസുകാരനായ ശംഭു ആർ. കൃഷ്ണനാണ് പണം തട്ടിയ കേസിൽ അറസ്റ്റിലായത്.
തുടർന്ന് ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. യൂനിഫോമിനായി സഹ പൊലീസുകാർ നൽകിയ പണം തട്ടിയെടുത്ത സംഭവത്തിൽ ശംഭുവിനെതിരെ പേരൂർക്കട പൊലീസ് കേസെടുത്തിരുന്നു. ഏഴംഗ യൂണിഫോം കമ്മിറ്റിയിലെ അംഗമായ ശംഭു യൂനിഫോം സാമഗ്രികൾക്കും തയ്യലിനുമായി സഹപ്രവർത്തകർ നൽകിയ ഏഴുലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
ഇത്തരത്തിൽ തട്ടിയെടുത്ത പണം ഉപയോഗിച്ച് ഓൺലൈൻ റമ്മി കളിച്ച് നഷ്ടപ്പെടുത്തിയെന്നാണ് വിവരം. ജൂലൈയിലാണ് ശംഭുവുമായി ബന്ധമുള്ള അക്കൗണ്ടിലേക്ക് ട്രെയിനി പൊലീസുകാർ യൂനിഫോമിനായുള്ള പണം നിക്ഷേപിച്ചത്. ഇത്തരത്തിൽ 7,18,320 രൂപയാണ് ശംഭു പിരിച്ചെടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. യൂനിഫോം ലഭിക്കാത്തതിനെ തുടർന്ന് ട്രെയിനികൾ അധികൃതരെ വിവരം അറിയിച്ചിരുന്നു. തുടർന്ന് പേരൂർക്കട എസ്.എ.പി ക്യാമ്പിലെ കമാൻഡിങ് ഓഫീസർ മുജീബ് റഹ്മാന്റെ പരാതിയിലാണ് പൊലീസ് ശംഭുവിനെതിരെ കഴിഞ്ഞദിവസം കേസെടുത്തത്. ട്രെയിനിയായതിനാൽ വകുപ്പുതല അന്വേഷണത്തിന് ശേഷം ഈ പൊലീസുകാരനെ പിരിച്ചുവിടാനാണ് സാധ്യതയെന്ന് സേനാവൃത്തങ്ങൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.