ഓണം സ്പെഷൽ റേഷനരി കുക്കറിൽ വെക്കരുത്; ചോറിന് വെച്ചത് കഞ്ഞിയാവും!

കോഴിക്കോട്: റേഷൻ കടകളിലൂടെ വിൽക്കുന്ന ഓണം സ്പെഷൽ അരി പെട്ടെന്ന് വേവുന്നതിനാൽ കുക്കറിൽ വേവിക്കരുതെന്ന് നിർദേശം. ഒറ്റപ്പുഴുക്ക് (സിംഗ്ൾ ബോയിൽഡ്) അരിയാണിതെന്നും അതിനാൽ കുക്കറിൽ അതിവേഗം വെന്ത് അടിഞ്ഞുപോകുമെന്നും സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ ‘മാധ്യമം ഓൺലൈനി’നോട് പറഞ്ഞു. ഇക്കാര്യം ഉപഭോക്താക്കളെ അറിയിക്കണമെന്ന് റേഷൻ കട ഉടമകൾക്ക് വാക്കാൽ നിർദേശം നൽകിയിട്ടുണ്ട്.

ഒ.എം.എസ്.എസ്.ആർ സ്കീമിൽ വാങ്ങിയ പുതിയ അരിയാണ് ഇത്. ഗുണമേൻമ ഉള്ള മികച്ച അരിയാണെന്നും മറ്റുപ്രശ്നങ്ങൾ ഒന്നുമില്ലെന്നും അധികൃതർ പറഞ്ഞു. സാധാരണ ചോറിന് ഇരട്ടപ്പുഴുക്ക് (ഡബ്ൾ ബോയിൽഡ്) അരിയാണ് ഉപയോഗിക്കുക. എന്നാൽ, ഇത്തവണ ഓണം സ്പെഷൽ ആയി വന്നത് ഒറ്റപ്പുഴുക്ക് (സിംഗ്ൾ ബോയിൽഡ്) അരിയാണ്. ഇതാണ് ഈ മുന്നറിയിപ്പിന് കാരണം.

ഓണക്കാലത്ത് അരി വില നിയന്ത്രിക്കുക ലക്ഷ്യമിട്ട് ഈ മാസം 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതമ്പും പൊതുവിതരണ ശൃംഖലയിലൂടെ വിതരണത്തിന് എത്തിച്ചിട്ടുണ്ട്. നിലവിലുള്ള റേഷൻ ഭക്ഷ്യധാന്യത്തിനു പുറമേ നീല, വെള്ള, പൊതുവിഭാഗം, സ്ഥാപനം കാർഡുകൾക്ക് അധികവിഹിതമായി പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്. പിങ്ക് കാർഡിനു 10.90 രൂപ നിരക്കിൽ 3 കിലോ അരിയും ലഭിക്കും. ഒ.എം.എസ്.എസ്.ആർ സ്കീമിൽ വാങ്ങിയ ഒറ്റപ്പുഴുക്ക് അരിയാണ് ഇങ്ങനെ വിതരണം ചെയ്യുന്നത്.

വിളർച്ച, വളർച്ചക്കുറവ്, വൈറ്റമിൻ ബി കുറവ് എന്നിവയ്ക്കു പരിഹാരമായി സമ്പുഷ്ടീകരിച്ച അരിയാണു നിലവിൽ റേഷൻകടകളിൽ വിതരണം ചെയ്യുന്നത്. എന്നാൽ, ഓണം സ്പെഷൽ അരി സമ്പുഷ്ടീകരിച്ചതല്ല.

അതിനിടെ, ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്ന പ്രചാരണം അവാസ്തവമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. ഓരോ കാര്‍ഡിനുമുള്ള സാധാരണ റേഷന്‍ അരിവിഹിതം കുറച്ചിട്ടില്ല, വില കൂട്ടിയിട്ടുമില്ല.

കേന്ദ്രസര്‍ക്കാറിന്റെ ടൈഡ് ഓവര്‍ വിഹിതം അരി ലഭ്യതയില്‍ 2026 ജനുവരി മുതല്‍ 6,459 മെട്രിക് ടണ്ണിലധികം കുറവുണ്ടായി. 33,294 മെട്രിക് ടണ്‍ അരി ലഭിച്ചിരുന്നതിന് പകരം ഇപ്പോള്‍ 26,835 മെട്രിക് ടണ്‍ അരിയും 6,459 മെട്രിക് ടണ്‍ ഗോതമ്പുമാണ് ലഭിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്രം ഈ മാറ്റം വരുത്തിയത്. ടൈഡ് ഓവര്‍ വിഹിതത്തില്‍ നിന്നാണ് ഉത്സവകാലങ്ങളില്‍ സ്‌പെഷല്‍ അരി നല്‍കിയിരുന്നത്. എന്നാല്‍, 2025 ഡിസംബറില്‍ കഴിഞ്ഞ സര്‍ക്കാര്‍ അരി വിഹിതത്തില്‍ കുറവ് വരുത്തി പകരം അത്രയും ഗോതമ്പ് വാങ്ങിയതിനാലാണ് സ്‌പെഷല്‍ അരി കൊടുക്കുന്നതിൽ പരിമിതി ഉണ്ടായത്.

കഴിഞ്ഞ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറില്‍ നിരന്തരം സമ്മർദം ചെലുത്തിയാണ് അരിവിഹിതം വെട്ടിക്കുറപ്പിച്ചത്. ടൈഡ് ഓവര്‍ വിഹിതത്തില്‍ വന്ന കുറവ് പരിഹരിക്കാനാണ് സാധാരണ റേഷന്‍ വിഹിതത്തിനു പുറമേ നീല, വെള്ള, തവിട്ട് കാര്‍ഡുകാര്‍ക്ക് 26 രൂപക്ക് അധികം അരി ലഭ്യമാക്കുന്നത്. ഇതിനായി ഉയര്‍ന്ന വിലക്ക് ഒ.എം.എസ്.എസ് അരി വാങ്ങി.

ഓണം റേഷന്‍ വിഹിതം ഇങ്ങനെ

മഞ്ഞ കാര്‍ഡ്: 30 കിലോ അരിയും അഞ്ചു കിലോ വരെ ഗോതമ്പും (ഗോതമ്പിനു പകരം മൂന്നു കിലോ വരെ ആട്ട കിലോക്ക് ഏഴു രൂപ നിരക്കില്‍). കൂടാതെ സൗജന്യ ഓണക്കിറ്റ്.

പിങ്ക് കാര്‍ഡ്: നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും (ഗോതമ്പിനു പകരം നാലു കിലോ വരെ ആട്ട കിലോക്ക് ഒമ്പതു രൂപ നിരക്കില്‍).

നീല കാര്‍ഡ്: ആളൊന്നിന് നാലു രൂപ നിരക്കില്‍ രണ്ടു കിലോ അരിയും 17 രൂപ നിരക്കില്‍ നാലു കിലോ വരെ ആട്ടയും. സ്‌പെഷല്‍ വിഹിതമായി ഒരു കുടുംബത്തിന് മൂന്നു കിലോ അരി 10.90 രൂപ നിരക്കിലും രണ്ടു കിലോ ഗോതമ്പ് 8.70 രൂപക്കും. ഒപ്പം ഒരു കുടുംബത്തിന് ഒ.എം.എസ്.എസ് അരി 10 കിലോ 26 രൂപ നിരക്കിലും നല്‍കും.

വെള്ള കാര്‍ഡ്: ഏഴു കിലോ അരി 10.90 രൂപക്കും നാലു കിലോ വരെ ആട്ട 17 രൂപക്കും സ്‌പെഷല്‍ വിഹിതമായി രണ്ടു കിലോ ഗോതമ്പ് 8.70 രൂപക്കും. ഒരു കുടുംബത്തിന് ഒ.എം.എസ്.എസ് അരി 10 കിലോ വീതം 26 രൂപക്കും നല്‍കും.

ക്ഷേമ വിഭാഗം തവിട്ട് കാര്‍ഡ്: രണ്ടു കിലോ വീതം അരി 10.90 രൂപക്കും രണ്ടു കിലോ ഗോതമ്പ് 8.70 രൂപക്കും ഒരു കിലോ ആട്ട 17 രൂപക്കും നല്‍കും. ഒപ്പം കാര്‍ഡിന് 26 രൂപക്ക് 10 കിലോ ഒ.എം.എസ്.എസ് അരി.

Tags:    
News Summary - Don't cook Onam special ration rice in cooker;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.