ജി. സുകുമാരൻ നായർ, ഗണേഷ് കുമാർ

‘എന്നെ എന്നാ ആക്കാൻ? അങ്ങേരുടെ അച്ഛനെ ആക്ഷേപിച്ചയാളല്ലേ അങ്ങേര്?’ -ഗണേഷ് കുമാറിനെതിരെ ജി. സുകുമാരൻ നായർ

ചങ്ങനാശ്ശേരി: മുൻമന്ത്രിയും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മുൻ അംഗവുമായ കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങളോട് ചങ്ങനാശ്ശേരിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘അയാൾ പറയുന്നതിന് മറുപടി പറയാൻ ഞാനില്ല. അങ്ങേര് തന്നെ അങ്ങേരുടെ അച്ഛനെ കുറിച്ച് വ്യക്തിപരമായ ആക്ഷേപങ്ങൾ പറഞ്ഞിട്ടില്ലേ. അയാൾ എനിക്ക് ഒരു ഉപകാരവും ചെയ്തിട്ടില്ല, ഞാൻ അയാൾക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ല’ സുകുമാരൻ നായർ പറഞ്ഞു.

43 ബന്ധുക്കൾക്ക് ജോലി നൽകിയെന്ന ആരോപണത്തിന് മറുപടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘അതൊക്കെ നിങ്ങൾ അന്വേഷിച്ചു കണ്ടുപിടിക്ക്. നായർ എന്ന് പറഞ്ഞാൽ, അതിന്റെ നേതാവ് എന്ന് പറഞ്ഞാൽ എന്റെ കുടുംബം കേരളം മുഴുവനുള്ളതാണ്. എങ്ങനെ വേണമെങ്കിലും നിങ്ങൾ നിശ്ചയിച്ചോളൂ. ഞാൻ അനധികൃതമായിട്ട് ഒരു മനുഷ്യർക്കും നിയമനം കൊടുത്തിട്ടില്ല. ഇവിടുത്തെ കീഴ്വഴക്കം അനുസരിച്ചല്ലാതെ ഒരു തെറ്റും ഞാൻ ചെയ്യാൻ ശ്രമിച്ചിട്ടില്ല. ഇപ്പോൾ കുറെ കൂട്ടര് എൻഎസ്എസിനെ ഇല്ലാതാക്കാൻ കീഴ്കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും എല്ലാം കേസുമായി നടക്കുന്നുണ്ട്. അവരുടെ ഒരു വാലായിട്ടാണ് ഇയാൾ ഇപ്പോൾ സംസാരിക്കുന്നത്. അവരെല്ലാം ആണല്ലോ അവിടെ മീറ്റിങ്ങിന് പങ്കെടുത്തത്. എന്നെ എന്നാ ആക്കാനാണ്? ഞാൻ 64 വർഷമായി ഇതിനകത്ത് കയറിയിട്ട്. ഒരുത്തൻ വിചാരിച്ചാലും എനിക്കെതിരെ ഗൂഢാലോചന നടത്താൻ പറ്റിയ തെറ്റൊന്നും എന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല’ -സുകുമാരൻ നായർ പറഞ്ഞു.

മന്നം സമാധിയിൽ ആർക്കും അനുമതി നിഷേധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘സുരേഷ് ഗോപി പുഷ്പാർച്ചന നടത്തിയില്ലേ? വൈസ് പ്രസിഡന്റ് പുഷ്പാർച്ചനക്ക് വന്നപ്പോൾ പട്ടിയെ കേറ്റി അവിടെ പരിശോധിക്കണം എന്ന് പറഞ്ഞു. ഞങ്ങൾ ഈശ്വരതുല്യം ആരാധിക്കുന്ന ഒരു ക്ഷേത്രമാണ്. അതിനകത്ത് പട്ടിയെ കേറ്റിയിട്ട് ആരും അവിടെ അദ്ദേഹത്തെ ആദരിക്കേണ്ട എന്ന് പറഞ്ഞു. അത് ഞാൻ പറയേണ്ടത് എന്റെ കടമയാണ്’ -സുകുമാരൻ നായർ വ്യക്തമാക്കി.

കെബി ഗണേഷ് എന്തുകൊണ്ടായിരിക്കും ഇങ്ങനെ രൂക്ഷമർശങ്ങൾ ഉന്നയിക്കുന്നതെന്ന് തനിക്ക് അറിഞ്ഞുകൂടെന്നും അദ്ദേഹം പറഞ്ഞു. ആക്ഷേപം ഉണ്ടെങ്കിൽ കോടതിയിൽ പോകാമല്ലോ. കോടതിയിൽ ഒന്നും പോകുന്നില്ല. പിതൃസ്ഥാനത്ത് കാണുന്നുവെന്ന് പറഞ്ഞയാൾ ഇപ്പോൾ എന്തുകൊണ്ടാകും ഇങ്ങനെ വിമർശിക്കുന്നത് എന്ന ചോദ്യത്തിന് ഇപ്പോൾ തോന്നിയിട്ടുണ്ടാവും പിതൃസ്ഥാനത്ത് അല്ലെന്ന്. അതുകൊണ്ടാകും വിമർശിക്കുന്നത് എന്നായിരുന്നു സുകുമാരൻ നായരുടെ മറുപടി.

എൻ.എസ്.എസ് ജന. സെക്രട്ടറി ചായക്കട നടത്തി പോവുകയാണെന്ന ആരോപണത്തിന് ‘നിങ്ങൾ പലരും അവിടെ പോയി ആഹാരം കഴിക്കാറില്ലേ. ജനങ്ങൾക്ക് നല്ല ഭക്ഷണം ഒരു സ്ഥാപനമാണ് പത്മ കഫേ. അത് കേരളം മുഴുവൻ ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. എനിക്ക് ഒക്കുമെങ്കിൽ ഇനിയും കൂടുതൽ കഫേകൾ ഉണ്ടാക്കും. അത് ജനങ്ങൾക്ക് വേണ്ടിയിട്ടാണ്, അല്ലാതെ ലാഭത്തിനുവേണ്ടിയല്ല’ -എന്നായിരുന്നു മറുപടി.

ജി.സുകുമാരൻ നായർക്കെതിരെ കടത്തേ വിമർശനങ്ങളാണ് ഇന്നലെ കെ.ബി.ഗണേഷ് കുമാർ ഉന്നയിച്ചത്. ‘എൻഎസ്എസിൽ അഴിമതിയും സ്വജനപക്ഷപാതവുമാണു നടക്കുന്നത്. പ്രസ്ഥാനം ചില ആളുകൾ കയ്യടക്കി വച്ചിരിക്കുന്നു. സുകുമാരൻ നായരെ ചോദ്യം ചെയ്തതിനാണ് എന്നെ പുറത്താക്കിയത്. സമദൂര സിദ്ധാന്തത്തെയാണു ഞാൻ എതിർത്തത്. മന്നം സമാധി വീണ്ടെടുക്കാൻ വൈക്കത്തുനിന്നു സമാധിയിലേക്ക് ജാഥ നടത്തേണ്ടിയിരിക്കുന്നു’– ഗണേഷ് പറഞ്ഞു.

നായർ സംരക്ഷണ സമിതി സംഘടിപ്പിച്ച ‘ദേവതാരുവിലെ ഇത്തിൾക്കണ്ണികൾ’ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു ഗണേഷിന്റെ വിമർശനം. മന്നം മെമ്മോറിയൽ നാഷനൽ ക്ലബ് പരിപാടിക്കായി ബുക്ക് ചെയ്തിരുന്നെങ്കിലും ഗണേഷ് പങ്കെടുക്കുന്നതായി അറിഞ്ഞതോടെ അനുമതി നിഷേധിച്ചെന്നു സംഘാടകർ പറയുന്നു. പരിപാടി പ്രസ് ക്ലബ് ഹാളിലാണു നടന്നത്.

Tags:    
News Summary - G. Sukumaran Nair against Ganesh Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.