ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന പു​തു​പ്പ​ള്ളി

പുതുപ്പള്ളി: ഒന്നും രണ്ടുമല്ല, തുടർച്ചയായ 53 വർഷം പുതുപ്പള്ളി എന്നാൽ ഉമ്മൻ ചാണ്ടി മാത്രമായിരുന്നു. 1970ൽ കന്നിയങ്കം കുറിച്ചതു മുതൽ 2023ൽ മരിക്കുന്നതുവരെ പുതുപ്പള്ളിക്ക് കുഞ്ഞുകുഞ്ഞ് മാത്രമായിരുന്നു നിയമസഭയിലെ മേൽവിലാസം. പുതുപ്പള്ളി എന്നാൽ, ഉമ്മൻ ചാണ്ടി എന്നായിരുന്നു അർഥം. തുടർച്ചയായി 12 തവണ അദ്ദേഹത്തെ പുതുപ്പള്ളിക്കാർ നിയമസഭയിലേക്ക് തിരഞ്ഞെടുത്തയച്ചു. ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായ റെക്കോഡും കുറിച്ച് തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുകുഞ്ഞ് മരണമടഞ്ഞപ്പോൾ മകൻ ചാണ്ടി ഉമ്മനെ അപ്പന് പകരക്കാരനായി നിയമസഭയിലേക്കയച്ച് പുതുപ്പള്ളിക്കാർ പാരമ്പര്യം കാത്തുപോരുന്നു.

1970ൽ സി.പി.എമ്മിന്‍റെ സിറ്റിങ് എം.എൽ.എ ഇ.എം. ജോർജിനെ 7288 വോട്ടിന് തറപറ്റിച്ച് തുടങ്ങിയ അശ്വമേധമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. പിന്നീട് പ്രമുഖരും യുവരക്തങ്ങളും തിരുത്തൽവാദികളുമൊക്കെ ഉമ്മൻ ചാണ്ടിയെ തളയ്ക്കാൻ കച്ചമുറുക്കിയിറങ്ങിയെങ്കിലും പുതുപ്പള്ളിക്കാർ അതിരാവിലെതന്നെ ഉമ്മൻ ചാണ്ടിയെ ജയിപ്പിച്ചെടുത്തു. വി.എൻ. വാസവൻ, റെജി സഖറിയ, ചെറിയാൻ ഫിലിപ്, സിന്ധു ജോയ്, സുജ സൂസൻ ജോർജ്, ജെയ്ക് പി. തോമസ്... ഉമ്മൻ ചാണ്ടിയെ വീഴ്ത്താൻ ഇടതുപക്ഷം ഗോദയിലിറക്കി വെട്ടേറ്റു വീണ പ്രമുഖർ ഏറെ. ആദ്യ മത്സരത്തിനിറങ്ങിയപ്പോൾ കിട്ടിയ 7288 എന്ന ഭൂരിപക്ഷത്തിൽനിന്ന് അതിവേഗം ബഹുദൂരം മുന്നേറുന്ന ഉമ്മൻ ചാണ്ടിയെയാണ് ഓരോ തവണയും കണ്ടത്.

വാസ്തവത്തിൽ ഉമ്മൻ ചാണ്ടിയുടെ മുന്നിലേക്ക് നേർച്ചക്കോഴികളെപോലെ ഇട്ടുകൊടുത്ത സ്ഥാനാർഥികളായിരുന്നു ഇടതുപക്ഷത്തിന്റേത്. 2023ൽ ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പുണ്ടായപ്പോൾ മകൻ ചാണ്ടി ഉമ്മന് പിതാവിനേക്കാൾ ഭൂരിപക്ഷം നൽകി അനുഗ്രഹിച്ചുവിട്ടു പുതുപ്പള്ളിക്കാർ. 37,719 വോട്ടെന്ന റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് ചാണ്ടി ഉമ്മൻ പിതാവിനെ പിന്തുടർന്നത്.

പുതുപ്പള്ളി മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തവണ മത്സരിച്ചത് ജെയ്ക് പി. തോമസാണ്, ഉമ്മൻ ചാണ്ടിക്കെതിരെ രണ്ടുതവണയും ചാണ്ടി ഉമ്മനെതിരെ ഉപതെരഞ്ഞെടുപ്പിലും. 2016ൽ ഉമ്മൻ ചാണ്ടിയോട് 27,092 വോട്ടിന് പരാജയപ്പെട്ട ജെയ്ക് 2021ൽ ഭൂരിപക്ഷം 9044 ആക്കി ഞെട്ടിക്കുകയും ചെയ്തു. എന്നാൽ, 2023ലെ ഉപതെരഞ്ഞെടുപ്പിൽ 37,719 എന്ന റെക്കോർഡ് ഭൂരിപക്ഷത്തിനായിരുന്നു ചാണ്ടി ഉമ്മനോട് ജെയ്കിന്‍റെ തോൽവി. ഇക്കുറി ഒരു ഭാഗ്യപരീക്ഷണത്തിനുകൂടി ഇല്ലെന്ന് ജെയ്ക് പി. തോമസ് പറഞ്ഞുകഴിഞ്ഞു.

ഇനി പാർട്ടിയാണല്ലോ എല്ലാം തീരുമാനിക്കേണ്ടത്. ഇക്കുറി ഇടതുപക്ഷത്ത് ആർക്കായിരിക്കും നറുക്കുവീഴുക എന്ന് ഇതുവരെയും കൃത്യമായ ഒരു ചിത്രം തെളിഞ്ഞുവന്നിട്ടില്ല. ഇറക്കുമതി സ്ഥാനാർഥികളെ മതിയാക്കി തദ്ദേശീയരെതന്നെ കളത്തിലിറക്കാനും മുന്നണിയിൽ നീക്കം നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും വ്യക്തമായ ആധിപത്യമാണ് യു.ഡി.എഫ് നടത്തിയത്. എൽ.ഡി.എഫ് ഭരിച്ചിരുന്ന പാമ്പാടി പഞ്ചായത്ത് തിരിച്ചുപിടിക്കുകയും ചെയ്തു.

സർക്കാർ അവഗണനയിലും മണ്ഡലത്തിൽ വികസനമെത്തിക്കാൻ പരിശ്രമിച്ചു

കഴിഞ്ഞ 10 വർഷമായി ഇടതു സർക്കാർ മണ്ഡലത്തോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. എല്ലാ വികസനങ്ങളും പുതുപ്പള്ളിയിൽ എത്തുമ്പോൾ നിലക്കും. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇങ്ങനെയൊരു വിവേചനം എതിർകക്ഷികളുടെ മണ്ഡലത്തോട് കാണിച്ചിരുന്നില്ല.

തലപ്പാടിയിലെ ബയോ മെഡിക്കൽ റിസർച്ച് സെന്‍റർ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയായിട്ടായിരുന്നു ഉമ്മൻ ചാണ്ടി സർക്കാർ വിഭാവന ചെയ്തത്. എന്നാൽ, അതിന്‍റെ പ്രവർത്തനത്തിന് ഈ സർക്കാർ ഒന്നും ചെയ്തില്ല. അടുത്തിടെ അമീബിക് മസ്തിഷ്ക ജ്വരം പടർന്നപ്പോൾ അത് പരിശോധിക്കുന്ന ലാബ് മാത്രമാണ് തുടങ്ങിയത്. പാമ്പാടിയിലെ വില്ലേജ് ഓഫിസ് നിർമാണത്തിന് ഇപ്പോൾ മാത്രമാണ് മണ്ണ് മാറ്റിക്കിട്ടിയത്.

നാലു വർഷം മുമ്പ് മന്ത്രിമാർ വന്ന് തറക്കല്ലിട്ട് പോയ പദ്ധതിയാണ്. ഉമ്മൻ ചാണ്ടിയുടെ പേരിൽ പുതുപ്പള്ളിയിൽ മിനി സിവിൽ സ്റ്റേഷൻ ആരംഭിച്ചു എന്ന് വാർത്ത കൊടുത്തിരിക്കുന്നു. അഞ്ച് വർഷം മുമ്പ് ഉണ്ടായിരുന്ന അതേ അവസ്ഥയിൽ പെയിന്‍റടിച്ച് ഉദ്ഘാടനം ചെയ്തിരിക്കയാണ്. മണ്ഡലത്തിനായി തന്ന പദ്ധതികളിൽപോലും വിവേചനം കാണിക്കുന്നു. റോഡുകളുടെ ടാറിങ്ങിൽ പോലും വിവേചനം. പുതുപ്പള്ളിയിലെത്തുമ്പോൾ ടാറിങ്ങും നിലക്കും.

സർക്കാർ അവഗണനയിലും മണ്ഡലത്തിൽ വികസനമെത്തിക്കാൻ പരിശ്രമിച്ചിട്ടുണ്ട്. 75 ലക്ഷം ചെലവഴിച്ച് നിർമിച്ച കൊട്ടാരത്തിക്കടവ് കലുങ്ക് രണ്ട് പഞ്ചായത്തുകളെ ചേർത്തുനിർത്തുന്നതാണ്. ഈ കലുങ്ക് വന്നതോടെ പ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണി ഒഴിവായി. നിലയ്ക്കൽ പള്ളി-കുട്ടൻചിറപ്പടി റോഡ് 40 ലക്ഷം അനുവദിച്ച് പൂർത്തിയാക്കി. കൂരോപ്പട വില്ലേജ് ഓഫിസ് പൂർത്തിയാക്കി. പ്രാദേശിക റോഡുകളുടെ വികസനം പൂർത്തിയാക്കി. വാകത്താനത്തെ തേവരുചിറ കുളം സ്വിമ്മിങ് പൂളാക്കാനാണ് പദ്ധതിയിട്ടത്.

രണ്ടര വർഷം കഴിഞ്ഞ് ഈ ജനുവരിയിലാണ് അതിന്‍റെ കരാർ സർക്കാർ കൊടുത്തത്. ഒരു മാസം കഴിഞ്ഞപ്പോൾ കരാറുകാരൻ ഇട്ടിട്ടുപോയി. മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നു മരിച്ച ബിന്ദുവിന്‍റെ കുടുംബത്തിന് 10 ലക്ഷം സമാഹരിച്ചു നൽകാനായി.

പുതുപ്പള്ളിയുടെ വികസനം തടസ്സപ്പെടുത്തുന്നു എന്ന വാദം അടിസ്ഥാന രഹിതം

എൽ.ഡി.എഫ് സർക്കാർ പുതുപ്പള്ളിയുടെ വികസനം തടസ്സപ്പെടുത്തുന്നു എന്ന വാദം അടിസ്ഥാനരഹിതമാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും ധനമന്ത്രിയുമൊക്കെയായിരുന്ന കാലത്തും പുതുപ്പള്ളി മണ്ഡലത്തിന്‍റെ വികസനത്തിൽ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോൾ ചാണ്ടി ഉമ്മൻ വന്നപ്പോഴും അതിന് മാറ്റമൊന്നുമല്ല. വികസനം പുതുപ്പള്ളിയുടെ അജണ്ടയിലേയില്ല. കേരളം മൊത്തമായാണ് വികസിക്കുന്നത്. പുതുപ്പള്ളിയെ മാത്രമായി ആ വികസനത്തിൽനിന്ന് മാറ്റിനിർത്താൻ സർക്കാറിനാവില്ല.

പദ്ധതിയുണ്ടാക്കി അതിനായി ജനപ്രതിനിധി അധ്വാനിക്കുമ്പോഴാണ് നാട്ടിൽ വികസനമുണ്ടാവുക. തൊട്ടടുത്ത ഏറ്റുമാനൂരും കാഞ്ഞിരപ്പള്ളിയിലും ചങ്ങനാശ്ശേരിയിലുമൊക്കെ അത് നടക്കുമ്പോൾ പുതുപ്പള്ളിയിൽ വികസനമില്ലെങ്കിൽ അതിനായി അധ്വാനിക്കാൻ ജനപ്രതിനിധി തയാറാവുന്നില്ല എന്നാണ് അർഥം. ഉമ്മൻ ചാണ്ടിയുള്ള കാലത്ത് പുതുപ്പള്ളി കവലയിൽ ഗംഭീരമായ സ്കൂൾ കൊണ്ടുവന്നത് ഈ സർക്കാർതന്നെയായിരുന്നു.

Tags:    
News Summary - Umman Chandi's Puthupalli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.