കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതോടെ സംസ്ഥാനത്ത് വലിയ അട്ടിമറി വിജയങ്ങൾ കണക്കുകൂട്ടുകയാണ് യു.ഡി.എഫ്. ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും പ്രതിപക്ഷത്തിന് അനുകൂലമായ കാറ്റായി മാറിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. തിരുവനന്തപുരത്തും കോഴിക്കോട്ടും വലിയ മുന്നേറ്റമുണ്ടാക്കി അധികാരം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പുകൾ. എന്നാൽ, പരമ്പരാഗത കോട്ടകളിൽ വിള്ളലുണ്ടാകില്ലെന്നും ഭരണത്തുടർച്ചയുണ്ടാകുമെന്നും എൽ.ഡി.എഫും ഉറച്ചു വിശ്വസിക്കുന്നു.
തിരുവനന്തപുരം ജില്ലയിൽ ഇത്തവണ യു.ഡി.എഫ് അപ്രതീക്ഷിത മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ തവണ കോവളത്ത് മാത്രം ഒതുങ്ങിയ യു.ഡി.എഫ് ഇത്തവണ അഞ്ചു മുതൽ എട്ട് സീറ്റുകൾ വരെയാണ് ലക്ഷ്യമിടുന്നത്. നെയ്യാറ്റിൻകര, കാട്ടാക്കട, അരുവിക്കര മണ്ഡലങ്ങളിലെ നാടാർ വോട്ടുകളുടെ ഏകീകരണം വിജയത്തിലേക്ക് നയിക്കുമെന്ന് മുന്നണി വിലയിരുത്തുന്നു. വട്ടിയൂർക്കാവിൽ കെ. മുരളീധരനും നെയ്യാറ്റിൻകരയിലും തിരുവനന്തപുരം സെൻട്രലിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കും ജയം ഉറപ്പാണെന്ന് നേതൃത്വം പറയുന്നു. വാമനപുരത്തും ചിറയിൻകീഴിലും അട്ടിമറി വിജയവും ഇവർ സ്വപ്നം കാണുന്നു.
രണ്ടു പതിറ്റാണ്ടായി കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് എം.എൽ.എമാരില്ലെന്ന ചീത്തപ്പേര് ഇത്തവണ തിരുത്തിക്കുറിക്കപ്പെടുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. ജില്ലയിൽ രേഖപ്പെടുത്തിയ 81.35 ശതമാനം പോളിംഗ് ഭരണമാറ്റത്തിന്റെ സൂചനയാണെന്ന് അവർ കരുതുന്നു. 13 മണ്ഡലങ്ങളിൽ പത്തു സീറ്റുകൾ വരെ നേടാമെന്നാണ് കണക്കുകൂട്ടൽ. കോഴിക്കോട് സൗത്ത്, കുന്ദമംഗലം, തിരുവമ്പാടി, നാദാപുരം, കൊയിലാണ്ടി തുടങ്ങിയ സീറ്റുകൾ തിരിച്ചുപിടിക്കാനാകുമെന്നാണ് പ്രതീക്ഷ.
കോഴിക്കോട് ജില്ലയിൽ എട്ടു സീറ്റുകൾ നിലനിർത്താനാകുമെന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ വടകര, കൊടുവള്ളി മണ്ഡലങ്ങൾക്കൊപ്പം നാദാപുരം, തിരുവമ്പാടി, കോഴിക്കോട് സൗത്ത് എന്നിവ നഷ്ടപ്പെട്ടേക്കാമെന്ന ആശങ്കയും ഇടതുക്യാമ്പിലുണ്ട്. എങ്കിലും ബേപ്പൂർ, പേരാമ്പ്ര, എലത്തൂർ, കുന്ദമംഗലം തുടങ്ങിയ മണ്ഡലങ്ങളിൽ മികച്ച വിജയം നേടി മേധാവിത്വം നിലനിർത്താനാകുമെന്ന് എൽ.ഡി.എഫ് വിശ്വസിക്കുന്നു. ബി.ജെ.പിയും നിർണ്ണായക വോട്ടുകൾ പിടിക്കുന്നതോടെ പല മണ്ഡലങ്ങളിലും പോരാട്ടം പ്രവചനാതീതമായി മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.