എ.ഐ ചിത്രം 

കേരളത്തിൽ ടാറ്റാ ഗ്രൂപ്പിന്‍റെ കപ്പൽ നിർമാണശാല വരുന്നു; 10,000 കോടി നിക്ഷേപിക്കും

തിരുവനന്തപുരം: കേരളത്തിൽ കപ്പൽ നിർമാണ മേഖലയിൽ 10,000 കോടി രൂപയുടെ നിക്ഷേപ സന്നദ്ധത അറിയിച്ച്​ ടാറ്റാ ഗ്രൂപ്പ്. ഇതുസംബന്ധിച്ച് സർക്കാറിന്​ നിർദേശം ലഭിച്ചതായും ഒരുമാസത്തിനകം ചർച്ച പൂർത്തിയാക്കി അന്തിമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

അന്താരാഷ്ട്ര മാധ്യമമായ ‘ബ്ലൂംബർഗി’ന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വിഴിഞ്ഞം തുറമുഖം ഉൾപ്പെടെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തി ‘മിഷൻ സമുദ്ര’ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. പദ്ധതിക്ക്​ ആവശ്യമായ ഭൂമി സർക്കാർ അനുവദിക്കുമെന്നും കപ്പൽ നിർമാണ മേഖലയിൽ ടാറ്റാ ഗ്രൂപ്പിന്‍റെ ആദ്യ സംരംഭമാണിതെന്നുമാണ്​ മുഖ്യമന്ത്രി വിശദീകരിക്കുന്നത്​. എന്നാൽ, കപ്പൽ നിർമാണശാലയുടെ ശേഷി എത്രയെന്നും മറ്റും മുഖ്യമന്ത്രി വെളിപ്പെടുത്തിയില്ല. നിക്ഷേപത്തിന്‍റെ കാര്യം ടാറ്റയും സ്ഥിരീകരിച്ചില്ലെന്നാണ്​ വിവരം.

സ്വപ്നപദ്ധതിയായ ‘മിഷൻ സമുദ്ര’യുടെ കീഴിൽ എല്ലാ മേഖലയെയും സംയോജിപ്പിച്ച് വൻകിട നിക്ഷേപങ്ങളെ ആകർഷിച്ച് തുറമുഖ വികസന സാധ്യതകൾ കൂടി ഉൾപ്പെടുത്തി മുന്നോട്ടുപോകുകയാണ് സർക്കാറിന്‍റെ ലക്ഷ്യമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. തുറമുഖ വികസനത്തിന് അനുയോജ്യമായ പദ്ധതികൾക്ക് സ്വകാര്യ നിക്ഷേപം സ്വാ​ഗതം ചെയ്തതിന് പിന്നാലെയാണ് ടാറ്റയുടെ വാ​ഗ്ദാനം. വിഴിഞ്ഞം തുറമുഖ ഓഹരി വിൽപന വിവാദമായിരിക്കെയാണ്​ ടാറ്റാ ഗ്രൂപ്പുമായി കൈകൊടുക്കാനുള്ള സർക്കാർ നീക്കം.

Tags:    
News Summary - Tata Group's shipyard coming up in Kerala; 10,000 crores to be invested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.