അനിൽ മേനോനും സംഘവും അന്താരാഷ്ട്ര നിലയത്തിലെത്തിയപ്പോൾ
ഹൂസ്റ്റൺ: ബഹിരാകാശത്ത് മലയാളിയുടെ ഗൃഹപ്രവേശം മംഗളമായി കഴിഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളി അനിൽ മേനോനും സഹയാത്രികരായ പ്യോത്ർ ദുബ്റോവ് (കമാൻഡർ), അന്ന കികീന (ഫ്ലൈറ്റ് എൻജിനീയർ) എന്നിവർക്കും ഉജ്ജ്വല സ്വീകരണമാണ് സഹയാത്രികരൊരുക്കിയത്. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 8.17നായിരുന്നു അനിലും സഹയാത്രികരും കസാഖ്സ്താനിലെ ബേക്കനൂരിൽനിന്ന് റഷ്യയുടെ സോയൂസ് എം.എസ്-29 പേടകത്തിൽ കുതിച്ചുയർന്നത്.
മൂന്ന് മണിക്കൂർ യാത്രക്കുശേഷം ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്ത യാത്രികർ ഒന്നര മണിക്കൂറിനുശേഷം നിലയത്തിൽ കാലുകുത്തി. ആ സമയം, അവരെ കാത്തിരുന്നത് ആൻഡ്രേ ഫെദേയേവ്, സെർജി മിഖായേവ്, സെർജി കുദ് സ്വർഷ്കോവ്, ജെസീക്ക മെയിർ, സോഫീ അദ്നോത്, ജാക്ക് ഹാത്വേ, ക്രിസ് വില്യംസ് എന്നിവരായിരുന്നു. ഇതിൽ ആറ് മാസമായി നിലയത്തിൽ താമസിക്കുന്നവരുമുണ്ടായിരുന്നു. പുതിയ ടീം എത്തിയതോടെ ബഹിരാകാശ നിലയം അക്ഷരാർഥത്തിൽ തിങ്ങിനിറഞ്ഞു. നിലവിൽ പത്തുപേരാണ് നിലയത്തിലുള്ളത്. ഇതിൽ മൂന്നുപേർ അടുത്തയാഴ്ചകളിൽ ഭൂമിയിലേക്ക് തിരിക്കും.
അനിൽ മേനോനെ സംബന്ധിച്ച് വരുംദിവസങ്ങൾ പരീക്ഷണത്തിന്റെ കൂടി നാളുകളായിരിക്കും. അനിൽ എട്ട് മാസമാണ് ബഹിരാകാശത്ത് തങ്ങുക. എക്സ്പെഡിഷൻ 74 എന്ന ദൗത്യത്തിന്റെ ഭാഗമായാണ് അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്. ഭാവിയിലെ ബഹിരാകാശ യാത്രകൾക്കും ഭൂമിയിലെ മനുഷ്യജീവിതത്തിനും ഒരുപോലെ സഹായകമാകുന്ന നിരവധി സാങ്കേതിക-വൈദ്യശാസ്ത്ര പരീക്ഷണങ്ങളാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്.
അതിലൊന്നാണ് അർധചാലക സ്ഫടികങ്ങളുടെ നിർമാണം. ഉയർന്ന ശേഷിയുള്ള കമ്പ്യൂട്ടറുകൾ, നിർമിത ബുദ്ധി, മെച്ചപ്പെട്ട മെഡിക്കൽ ഉപകരണങ്ങൾ എന്നിവക്ക് ആവശ്യമായ സെമികണ്ടക്ടർ ക്രിസ്റ്റലുകളുടെ വൻതോതിലുള്ള നിർമാണം മൈക്രോഗ്രാവിറ്റിയിൽ സാധ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മെഡിക്കൽ ഡോക്ടറായ അനിലിന് ഈ മേഖലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്. മൈക്രോ ഗ്രാവിറ്റിയിൽ അൾട്രാസൗണ്ട് പരിശോധനകൾ വികസിപ്പിച്ചെടുക്കുന്നതടക്കമുള്ള ദൗത്യങ്ങൾക്ക് അദ്ദേഹം നേതൃത്വം വഹിക്കും. ഇതിനുപുറമെ, മനുഷ്യശരീരത്തിൽ ദീർഘകാല ബഹിരാകാശ യാത്ര ഉണ്ടാക്കുന്ന ശാരീരിക മാറ്റങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽ അദ്ദേഹം നേരിട്ട് പങ്കാളിയാകും.
സ്വശരീരമുപയോഗിച്ചുതന്നെ മൈക്രോഗ്രാവിറ്റിയിൽ രക്തയോട്ടം എങ്ങനെ ബാധിക്കപ്പെടുന്നു എന്ന് അദ്ദേഹം പഠിക്കും. സാങ്കേതികമായി, ഫ്ലൈറ്റ് എൻജിനീയർ എന്ന ചുമതലയും അദ്ദേഹത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.