ഹൈകോടതി

മെറ്റീരിയൽ റൂം തുറന്ന സംഭവം യു.ഡി.എഫ് ഹൈകോടതിയിൽ ഹരജി സമർപ്പിച്ചു

കോഴിക്കോട്: വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിനോട് ചേർന്ന മെറ്റീരിയൽ റൂം തുറന്ന വരണാധികാരിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഹൈകോടതിയിൽ ഹരജി സമർപ്പിച്ചു. അഡ്വ. ബാബു ജോസഫ് മുഖേനയാണ് ഹൈകോടതിയെ സമീപിച്ചത്. വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം സ്‌കൂളിലെ സ്ട്രോങ് റൂമിന് സമീപത്തെ സുരക്ഷ വീഴ്ചയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേരത്തേ രംഗത്തുവന്നിരുന്നു. സുരക്ഷ വീഴ്ച വരുത്തിയ പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങളിലെ വരണാധികാരികൾക്കും ജില്ല കലക്ടർക്കുമെതിരെ നടപടി ആവശ്യപ്പെട്ടാണ് കോഴിക്കോട് ഡി.സി.സി പ്രസിഡന്റും കൊയിലാണ്ടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുമായ കെ. പ്രവീൺകുമാർ ഹരജി സമർപ്പിച്ചത്. ഹരജി അടുത്ത ദിവസം കോടതി പരിഗണിക്കുമെന്ന് അഭിഭാഷകൻ പറഞ്ഞു.

തിങ്കളാഴ്ചയാണ് സ്‌ട്രോങ് റൂമിന് സമീപത്തെ തെരഞ്ഞെടുപ്പ് രേഖകൾ സൂക്ഷിച്ച മെറ്റീരിയൽ റൂം തുറന്നത്. സംഭവത്തിൽ വീഴ്ച വരുത്തിയ പേരാമ്പ്ര റിട്ടേണിങ് ഓഫിസർക്കെതിരെ യു.ഡി.എഫ് കലക്ടർക്ക് പരാതി നൽകിയിരുന്നു. കൂടാതെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശം ലംഘിച്ച് കൊയിലാണ്ടി മണ്ഡലത്തിന്റെ റിട്ടേണിങ് ഓഫിസർ വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച സ്‌ട്രോങ് റൂമിനടുത്തുള്ള സുരക്ഷ വലയത്തിൽ (ഇന്നർ പെരിമീറ്റർ) പ്രവേശിച്ചിരുന്നു.

ഈ രണ്ട് സംഭവങ്ങളിലും ചിത്രങ്ങൾ സഹിതം പരാതി നൽകിയിട്ടും കലക്ടർ നടപടി സ്വീകരിച്ചിട്ടില്ല. സ്‌ട്രോങ് റൂം ഉൾപ്പെടുന്ന അതിസുരക്ഷ മേഖലയിലെ മെറ്റീരിയൽ റൂം തുറക്കാൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയത് കലക്ടറാണ്. ഇക്കാര്യത്തിൽ കലക്ടർക്കും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് യു.ഡി.എഫിന്റെ ആരോപണം.

സ്ഥാനാർഥികളെ വിവരമറിയിച്ച് സമ്മതത്തോടെയാണ് മുറി തുറന്നതെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫിസർ വിശദീകരിച്ചിരുന്നെങ്കിലും ചട്ടം പൂർണമായി പാലിക്കാതെയാണ് മുറി തുറന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കറുടെ വിശദീകരണത്തോടെ വെളിപ്പെട്ടിരുന്നു. സ്ട്രോങ് റൂമിന്റെ അതിസുരക്ഷ ഭാഗത്തോ സമീപത്തോ മറ്റൊരു മുറിയും പാടില്ലെന്നിരിക്കെ തൊട്ടടുത്തുതന്നെ മെറ്റീരിയൽ റൂം ഒരുക്കിയത് കലക്ടറുടെ ഭാഗത്തുനിന്നുള്ള വീഴ്ചയായാണ് വിലയിരുത്തുന്നത്.

Tags:    
News Summary - UDF files petition in High Court over opening of material room

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.