സപ്ലൈകോയിൽ കാർഡിന് രണ്ടുലിറ്റർ വെളിച്ചെണ്ണ; ക്രിസ്മസ് ഫെയറുകൾ ഡിസംബർ 21 മുതൽ

തിരുവനന്തപുരം: സപ്ലൈകോ വിൽപനശാലകളിൽ കാർഡൊന്നിന് പ്രതിമാസം രണ്ടുലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. നിലവില്‍ കാർഡൊന്നിന് 319 രൂപ നിരക്കില്‍ പ്രതിമാസം ഒരു ലിറ്റർ വെളിച്ചെണ്ണയാണ് നൽകുന്നത്. സബ്സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപക്കും കേര വെളിച്ചെണ്ണ 429 രൂപക്കും ലഭ്യമാക്കും.

ഓണത്തോടനുബന്ധിച്ച് 25 രൂപ നിരക്കില്‍ കാർഡൊന്നിന് പ്രതിമാസം 20 കിലോ പച്ചരി/പുഴുക്കലരി നല്‍കിയിരുന്നത് സ്ഥിരമായി നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. സ്ത്രീ ഉപഭോക്താക്കൾക്ക് സബ്സിഡിയിതര ഉൽപന്നങ്ങൾക്ക് 10 ശതമാനം വരെ അധിക വിലക്കുറവ് നൽകും. 1,000 രൂപക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന എല്ലാവർക്കും ഒരു കിലോ പഞ്ചസാര അഞ്ച് രൂപക്ക് ഈ മാസം മുതൽ നൽകുന്നുണ്ട്. 500 രൂപക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് 250 ഗ്രാമിന്‍റെ ശബരി ഗോൾഡ് തേയില 25 ശതമാനം വിലക്കുറവിൽ നൽകും.

105 രൂപ വിലയുള്ള ശബരി ഗോൾഡ് തേയില 61.50 രൂപക്കാണ് നൽകുക. 500 രൂപക്ക് മുകളിലുള്ള ബില്ലുകളിൽ സപ്ലൈകോ വിൽപനശാലകളിൽ യു.പി.ഐ മുഖേന പണം അടക്കുകയാണെങ്കിൽ അഞ്ചു രൂപ കുറവ് നൽകും.

ഈ വർഷവും ആറ് ജില്ല കേന്ദ്രങ്ങളിൽ പ്രത്യേക ക്രിസ്മസ് ഫെയറുകൾ സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലാണ് ഫെയറുകൾ സംഘടിപ്പിക്കുക. താലൂക്ക് തലത്തിൽ തെരഞ്ഞെടുത്ത സൂപ്പർമാർക്കറ്റുകൾ ക്രിസ്മസ് ഫെയറുകളായി പ്രവർത്തിക്കും. ഡിസംബർ 21 മുതൽ ജനുവരി ഒന്നു വരെ ആയിരിക്കും ഫെയറുകൾ.

Tags:    
News Summary - Two liters of coconut oil per card in Supplyco; Christmas fairs from December 21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.