തിരുവനന്തപുരം: മുങ്ങിത്താഴ്ന്ന കപ്പലിലെ കണ്ടെയ്നറുകളും അവയിലെ രാസവസ്തുക്കളും കടലിലും തീരത്തും ആശങ്ക പരത്തുന്നതിനിടെ, സംസ്ഥാനത്ത് ട്രോളിങ് നിരോധം ഇന്ന് അർധരാത്രി മുതൽ നടപ്പാകും. ജൂലൈ 31 വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം. തകർന്ന കണ്ടെയ്നറുകളിൽനിന്ന് ഒഴുകിപ്പരക്കുന്ന പ്ലാസ്റ്റിക് നർഡിൽസുകളുമടക്കമുള്ള വസ്തുക്കൾ ഇപ്പോഴും തീരമടിയുന്നുണ്ട്. കടലിൽ രാസവസ്തു സാന്നിധ്യമുണ്ടെന്ന ആശങ്ക പല മേഖലകളിലും മത്സ്യവിൽപനയിൽ കുറവുവരുത്തിയ സാഹചര്യവും നിലനിൽക്കുന്നു.
മത്സ്യലഭ്യതയിൽ പൊതുവെയുള്ള കുറവിന് പിന്നാലെയാണ് കപ്പലപകടം തീരഗ്രാമങ്ങളുടെ ഉറക്കം കെടുത്തിയത്. ട്രോളിങ് നിരോധം കൂടി വരുന്നതോടെ, മത്സ്യലഭ്യതയിൽ വലിയ കുറവുണ്ടാവും. ഇപ്പോൾ തന്നെ മീൻ വില കൂടുതലാണ്. മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ശാസ്ത്രീയമായ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ട്രോളിങ് നിരോധനം എല്ലാ വർഷവും നടപ്പാക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഈ കാലയളവിൽ ഉപരിതല മത്സ്യബന്ധനത്തിന് തടസ്സമില്ല. ഇതര സംസ്ഥാന ബോട്ടുകൾക്ക് കേരളതീരം വിടാൻ നിർദേശം നൽകിയിട്ടുണ്ട്.
ട്രോളിങ് നിരോധ കാലയളവിൽ ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ ക്രമീകരണമൊരുക്കി. കടലിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിങ്ങിനുമായി തീരദേശ ജില്ലകളിൽ കൂടുതൽ ബോട്ടുകൾ സജ്ജമാക്കിയതായി ഫിഷറീസ് വകുപ്പ് അധികൃതർ പറഞ്ഞു. വിഴിഞ്ഞം, വൈപ്പിന്‍, ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മറൈൻ ആംബുലന്‍സുകളുമുണ്ട്.
നാഷനൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോര്‍ട്സിൽ പരിശീലനം പൂര്‍ത്തിയാക്കിയ മത്സ്യത്തൊഴിലാളി യുവാക്കളുടെ സേവനവും കടലിലെ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തും. ട്രോളിങ് നിരോധനം ലംഘിക്കുന്ന ട്രോൾ ബോട്ടുകൾക്കെതിരെ കർശന നിയമന നടപടികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.