ക്നാനായ സമുദായ ദിനാചരണ സമ്മേളനത്തിനിടയിൽ സി.എസ്.ഐ മധ്യകേരള മഹാ ഇടവക ബിഷപ് മലയിൽ സാബു കോശിയും ക്നാനായ സമുദായ മെത്രാപ്പൊലീത്ത കുര്യാക്കോസ്
മാർ സേവേറിയോസും മുഖ്യമന്ത്രി പിണറായി വിജയനുമായി കുശലം പങ്കിടുന്നു.
കോട്ടയം: ഉത്തരേന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണം നടത്തുന്ന വർഗീയശക്തികൾ കേരളത്തിൽ പിടിമുറുക്കാൻ ശ്രമിക്കുമ്പോൾ മതനിരപേക്ഷ ഐക്യനിര കെട്ടിപ്പടുത്ത് പ്രതിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിങ്ങവനം സെന്റ് ജോൺസ് പുത്തൻപള്ളി അങ്കണത്തിൽ നടന്ന ക്നാനായ സമുദായ ദിനാചാരണവും മഹാസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ലോകത്തിന് മുന്നിൽ രാജ്യം തലയുയർത്തി നിൽക്കാൻ കാരണമായ മതേതരത്വവും നാനാത്വവും സമകാലിക ഇന്ത്യയിൽ കടുത്ത വെല്ലുവിളി നേരിടുകയാണ്. ഉത്തരേന്ത്യയിൽ ക്രൈസ്തവർക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങൾ ആശങ്കജനകമാണ്. മണിപ്പൂരിൽ നൂറുകണക്കിന് ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടു. ആയിരക്കണക്കിന് മനുഷ്യർക്ക് വീടും കിടപ്പാടവും നഷ്ടമായി പലായനം ചെയ്യേണ്ടിവന്നു. സാഹോദര്യത്തിന്റെ മഹോത്സവമായ ക്രിസ്മസ് പോലും ആഘോഷിക്കുന്നത് തടസ്സപ്പെടുത്തി.
ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് ഈ ആക്രമണമത്രയും എന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. ന്യൂനപക്ഷങ്ങൾക്ക് സമാധാനമായി ജീവിക്കാൻ കഴിയുന്ന തുരുത്തായി, മതേതരത്വത്തിന്റെ ഭൂമികയായി കേരളം നിലകൊള്ളുന്നത് വർഗീയ ശക്തികളെ അലോസരപ്പെടുത്താൻ തുടങ്ങിയിട്ട് നാളുകളായി. കേരളത്തെ സംബന്ധിച്ചിടത്തോളം മതേതരത്വം ഒരു വാക്ക് മാത്രമല്ല, ജീവവായുവാണ്.
വർഗീയതക്കെതിരെ സന്ധിയില്ലാത്ത നിലപാട് എടുത്തതുകൊണ്ടാണ് കഴിഞ്ഞ 10 വർഷക്കാലമായി ഇവിടെ വർഗീയകലാപങ്ങൾ നടക്കാത്തത്. ആ സമാധാനാന്തരീക്ഷം തകർക്കാൻ ബോധപൂർവമായ ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അതിനെതിരെ മതനിരപേക്ഷ ശക്തികൾ പ്രതിരോധ നിരയുണ്ടാക്കി ചെറുക്കണമെന്നും പിണറായി പറഞ്ഞു.
കേരളത്തിന്റെ വിദ്യാഭ്യാസ - ആരോഗ്യ രംഗത്തിനും കാർഷിക പുരോഗതിക്കും ക്രൈസ്തവസമൂഹം നൽകിയ പങ്ക് കേരളത്തെ ഒന്നാമതാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ക്നാനായ സമുദായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ, സി.എസ്.ഐ മധ്യകേരള മഹാ ഇടവക ബിഷപ്പ് മലയിൽ സാബു കോശി, ജോസ് കെ. മാണി എം.പി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, ചാണ്ടി ഉമ്മൻ, ജില്ലാ പഞ്ചായത്ത് മെംബർ സുമ എബി, ക്നാനായ സമുദായത്തിന്റെ വിവിധ നേതാക്കന്മാർ തുടങ്ങിയവർ സംസാരിച്ചു. ക്നാനായ സമുദായ സെക്രട്ടറി ടി.ഒ എബ്രഹാം സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.