കിഴക്കൻ സിറിയയിലെ തബ്കയിൽ പട്രോളിങ് നടത്തുന്ന സർക്കാർ സേന
തബ്ക (സിറിയ): കുർദിഷ് നേതൃത്വത്തിലുള്ള സേനക്കെതിരായ തുടർച്ചയായ മുന്നേറ്റത്തിന്റെ ഭാഗമായി കിഴക്കൻ സിറിയയിലെ ഒരു തന്ത്രപ്രധാന പട്ടണം പിടിച്ചെടുത്ത് സിറിയൻ സർക്കാർ സൈന്യം. റാഖ പ്രവിശ്യയിലെ തബ്കയിലാണ് ഞായറാഴ്ച സൈനിക മുന്നേറ്റം നടന്നത്. വ്യോമതാവളവും അണക്കെട്ടും ഉള്ളതിനാൽ നീക്കം നിർണായകമാണെന്ന് കണക്കാക്കപ്പെടുന്നു. തബ്ക നഗരത്തിലെ കുടുംബങ്ങൾ വീടുകളിൽനിന്ന് പുറത്തിറങ്ങി ദേശീയപതാക വീശി സിറിയൻ സൈനികരെ സ്വാഗതം ചെയ്തതായി ‘അസോസിയേറ്റഡ് പ്രസ്’ റിപ്പോർട്ടർ കണ്ടു.
ഈ മാസം ആദ്യം സിറിയൻ സൈന്യവും കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സും (എസ്.ഡി.എഫ്) തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് കടുത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. കുർദിഷ് പോരാളികളിൽനിന്ന് വിവിധ നഗരങ്ങളുടെ നിയന്ത്രണം സർക്കാർ സേന ഏറ്റെടുത്തിരുന്നു.
വാഷിങ്ടൺ: സിറിയയിൽ യു.എസ് നടത്തിയ ആക്രമണത്തിൽ അൽ ഖാഇദയുമായി ബന്ധമുള്ള നേതാവ് കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ സിറിയയിൽ വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ ബിലാൽ ഹസൻ അൽ ജാസിം കൊല്ലപ്പെട്ടതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
കഴിഞ്ഞ മാസം സിറിയയിൽ നടന്ന ആക്രമണത്തിൽ രണ്ട് യു.എസ് സൈനികരും ഒരു അമേരിക്കൻ പൗരനും കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന് ഉത്തരവാദിയായ ഇസ്ലാമിക് സ്റ്റേറ്റ് അംഗവുമായി ബിലാൽ ഹസൻ അൽ-ജാസിമിന് നേരിട്ട് ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഡിസംബറിൽ യു.എസ് സൈന്യം പ്രതികാര നടപടി ആരംഭിച്ചശേഷം 100ലധികം ഐ.എസ് കേന്ദ്രങ്ങൾ ആക്രമിച്ചതായും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.