തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം. ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിളപ്പാളി, ദ്വാരപാലക ശിൽപങ്ങൾ എന്നിവയിൽ സ്വർണം കുറവ് വന്നതായാണ് വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ (വി.എസ്.എസ്.സി) ഫോറന്‍സിക് പരിശോധന ഫലം. റിപ്പോര്‍ട്ട് കൊല്ലം വിജിലൻസ് കോടതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഈഫലം തിങ്കളാഴ്ച ഹൈകോടതിയില്‍ സമര്‍പ്പിക്കും.
പാളികളുടെ ഭാരത്തിൽ വ്യത്യാസം സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 1998ൽ സ്വർണം പൂശിയ മറ്റ് പാളികളുമായി നടത്തിയ ശാസ്ത്രീയ താരതമ്യത്തിലൂടെയാണ് ഈ വ്യത്യാസം വ്യക്തമായത്. കട്ടിളയിൽ നിന്നും ദ്വാരപാലക ശിൽപങ്ങളിൽ നിന്നും നിശ്ചിത അളവിൽ ഭാഗങ്ങൾ വെട്ടിയെടുത്താണ് പരിശോധനക്ക് വിധേയമാക്കിയത്.
15 സാമ്പിളുകളാണ് പരിശോധനക്കെടുത്തത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഈ പരിശോധന ഫലം നിർണായകമാണ്. വെള്ളിയാഴ്ചയാണ് വി.എസ്.എസ്.സി പരിശോധന റിപ്പോർട്ട് സമർപ്പിച്ചത്.
നിലവിലുള്ള സ്വർണത്തിന്റെപഴക്കം, പരിശുദ്ധി എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും റിപ്പോർട്ടിലുണ്ട്. നിലവിൽ അവിടെയുള്ളത് പഴയ സ്വർണമല്ലെങ്കിൽ, അത് എവിടേക്ക് പോയി എന്നതും പകരം വെച്ചിരിക്കുന്നത് പുതിയ സ്വർണമാണോ എന്നതുമാണ് ഇനി അന്വേഷണ സംഘംപ്രധാനമായും കണ്ടെത്തേണ്ടത്.
ഇതിന് അന്താരാഷ്ട്ര തലത്തിലുള്ള പുരാവസ്തു മാഫിയയുമായി ബന്ധമുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. സാധാരണ സ്വർണത്തേക്കാൾ അയ്യപ്പന്റെ മുൻപിലുണ്ടായിരുന്ന ഈ സ്വർണത്തിന് അതിന്റെ പഴക്കം മൂലമുള്ള വലിയ മൂല്യമുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കാണാതായ യഥാർഥ സ്വർണം കണ്ടെത്താൻ കഴിയാത്തത് അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.