തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി നീട്ടേണ്ടതില്ലെന്ന് ഒടുവിൽ എൽ.ഡി.എഫ് തീരുമാനം. നിലവിലെ സാഹചര്യത്തിൽ അനാവശ്യ ചര്‍ച്ചകൾക്ക് ഇടം നൽകേണ്ടതില്ലെന്ന് കണ്ടാണ് നടപടി. ശബരിമല സ്വര്‍ണപ്പാളി കേസില്‍ നിലവിലെ ദേവസ്വം ബോര്‍ഡിനെതിരെ ഹൈകോടതി ഗുരുതര പരാമര്‍ശങ്ങള്‍ നടത്തിയതും കാലാവധി നീട്ടാനുള്ള ഓര്‍ഡിനൻസിന് ഗവര്‍ണര്‍ ഉടക്കിട്ടാൽ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിയും യു.ഡി.എഫും ആയുധമാക്കുമെന്നതും പരിഗണിച്ചാണ് തീരുമാനം.
നിലവിലെ ഭരണസമിതിയിൽ സി.പി.ഐ നോമിനിയായ എ. അജികുമാർ തുടരുന്നതിൽ സി.പി.ഐക്കുള്ളിൽ അതൃപ്തിയുണ്ട്. ദേവസ്വം ബോര്‍ഡിലേക്കുള്ള തങ്ങളുടെ അംഗത്തെ സി.പി.ഐ ഇതിനോടകം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന കൗണ്‍സില്‍ അംഗമായ വിളപ്പില്‍ രാധാകൃഷ്ണനെയാണ് സി.പി.ഐ പ്രതിനിധിയായി നിശ്ചയിച്ചത്. ഈ സാഹചര്യത്തിൽ ഒരാളെ മാത്രം ഒഴിവാക്കുന്നത് ശരിയല്ലെന്നുകണ്ടാണ് ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിന്‍റെ സേവനം ഉൾപ്പെടെ നവംബർ 13ഓടെ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
പി.എസ്. പ്രശാന്തിന് പകരം ഹരിപ്പാട് മുൻ എം.എൽ.എയും സി.പി.എം ആലപ്പുഴ ജില്ല സെക്രട്ടേറിയറ്റ് അംഗവും കയര്‍ഫെഡ് പ്രസിഡന്‍റുമായ ടി.കെ. ദേവകുമാറിനെയും മുൻ എം.പി എ. സമ്പത്തിനെയുമാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സി.പി.എം സജീവമായി പരിഗണിക്കുന്നത്. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം.
മണ്ഡല കാലം അടുക്കുമ്പോൾ പുതിയ ഭരണസമിതി ചുമതലയേൽക്കുന്നത് തീർഥാടനത്തിന്‍റെ മുന്നൊരുക്കത്തെ ബാധിക്കുമെന്ന് കണ്ടാണ് കാലാവധി രണ്ടുവർഷമെന്നത് മൂന്നുവർഷമാക്കി ഓർഡിനൻസ് കൊണ്ടുവരാൻ ദേവസ്വം വകുപ്പ് തീരുമാനിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടായാല്‍, അടിയന്തര സാഹചര്യം തെരഞ്ഞെടുപ്പ് കമീഷനെ ബോധ്യപ്പെടുത്തി ബോര്‍ഡ് തെരഞ്ഞെടുപ്പിനുള്ള അനുമതി വാങ്ങിയെടുക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.