വാഹനപരിശോധന ഡിജിറ്റലാക്കണം; എം.വി.ഡിയോട് ശിപാർശ ചെയ്ത് ഗതാഗത സെക്രട്ടറി
തിരുവനന്തപുരം: മോട്ടോർ വാഹനകുപ്പിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റടക്കം വാഹന പരിശോധനകൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റണമെന്നും മാന്വൽ രജിസ്റ്ററുകൾ ഒഴിവാക്കണമെന്നും ഗതാഗത സെക്രട്ടറിയുടെ ശിപാർശ. കിഴിശേരി സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവറുടെ ആത്മഹത്യ സംബന്ധിച്ച് നടത്തിയ വകുപ്പ് തല അന്വേഷണ റിപ്പോർട്ടിലാണ് നിർദേശങ്ങൾ.
ഓരോ വാഹന പരിശോധനക്കും പ്രത്യേക ഡിജിറ്റൽ ഇൻസ്പെക്ഷൻ ഐ.ഡി നൽകണം. വാഹന പരിശോധനകൾ ഓഫിസറുടെ ലോഗിൻ വഴിയാക്കുകയും അപാകതകൾ സംബന്ധിച്ച് ഡിജിറ്റൽ ചെക്ക് ലിസ്റ്റ് തയാറാക്കുകയും വേണം. പരിശോധനയിൽ കണ്ടെത്തുന്ന പിഴവുകളുടെ ഫോട്ടോയും വിഡിയോയും അപ് ലോഡ് ചെയ്യാനും ഓഫിസറുടെ ഡിജിറ്റൽ ഓതന്റിക്കേഷൻ ഉറപ്പാക്കാനും സംവിധാനം ഒരുക്കണം. പരിശോധനയിൽ വാഹനം പാസാകുന്നതും പരാജയപ്പെടുന്നതും പുനഃപരിശോധന വേണ്ടതും ഓൺലൈനായി തന്നെ രേഖപ്പെടുത്തണം. ഇതുസംബന്ധിച്ച വിവരങ്ങൾ അപേക്ഷകന് എസ്.എം.എസ്, വാട്സ്ആപ്പ് അല്ലെങ്കിൽ ഓൺലൈൻ നോട്ടിഫിക്കേഷൻ വഴി ലഭ്യമാക്കണം.
ഡിജിറ്റലായി തയാറാക്കിയ സി.എഫ്.ആർ.ആർ രേഖകൾ അപേക്ഷകന് നൽകുന്നതിനൊപ്പം പുനഃപരിശോധന തീയതി ഓൺലൈനായി നൽകാനും സംവിധാനമുണ്ടാകണം. വീണ്ടും പരിശോധനക്ക് എത്തുമ്പോൾ നേരത്തെ കണ്ടെത്തിയ അപാകതകൾ സ്ക്രീനിൽ പ്രദർശിപ്പിക്കണം. ഇതിന് പുറമെ ക്യു.ആർ കോഡ് ട്രാക്കിങ് സംവിധാനം ഏർപ്പെടുത്താനും ഇടനിലക്കാരുടെ ഇടപെടലുകൾ കർശനമായി നിയന്ത്രിക്കാനും ആഭ്യന്തര വിജിലൻസ് വിഭാഗം ശക്തിപ്പെടുത്താനും റിപ്പോർട്ടിൽ നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.