സ്വർണക്കടത്ത്: വിടുതൽ ഹരജികൾ തള്ളിയത് ശരിവെച്ച് ഹൈകോടതി

കൊച്ചി: സ്വർണക്കടത്ത് കേസിൽ പ്രതികളായ കസ്റ്റംസ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെ വിടുതൽ ഹരജികൾ തള്ളിയ സി.ബി.ഐ കോടതി ഉത്തരവ് ശരിവെച്ച് ഹൈകോടതി. വകുപ്പുതല നടപടികളിൽ കുറ്റമുക്തരാക്കപ്പെട്ടു എന്നത് ക്രിമിനൽ കേസുകളിൽനിന്ന് ഒഴിവാകാനുള്ള കാരണമല്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍റെ ഉത്തരവ്.

കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി 2013ൽ 56 കിലോ സ്വർണം കടത്തിയെന്ന കേസിൽ പ്രതികളായ കസ്റ്റംസ് മുൻ ഡെപ്യൂട്ടി കമീഷണർ സി. മാധവൻ, അസി. കമീഷണർ ഡോ. എസ്. അനിൽകുമാർ, സ്വർണക്കടത്ത് സംഘാംഗം അഹമ്മദ് സുഹൈൽ എന്നിവർ നൽകിയ റിവിഷൻ ഹരജികളാണ് കോടതി തള്ളിയത്. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും വിചാരണ നേരിടണമെന്നും നിർദേശിച്ച കോടതി, ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കാനും പ്രത്യേക കോടതിക്ക് നിർദേശം നൽകി.

ലക്ഷക്കണക്കിന് രൂപയും എൽ.ഇ.ഡി ടി.വി ഉൾപ്പെടെ സമ്മാനങ്ങളും കൈപ്പറ്റി 17.86 കോടി രൂപ മൂല്യം വരുന്ന സ്വർണം കടത്താൻ ഒത്താശ ചെയ്തെന്നാണ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണം. പ്രതി സി. മാധവൻ സ്വർണക്കടത്തിന് സൗകര്യമൊരുക്കിയെന്നും എസ്. അനിൽകുമാർ തന്‍റെ വിവാഹ ആവശ്യങ്ങൾക്കായി പ്രതികളിൽനിന്ന് വാഹനം ഉൾപ്പെടെ സഹായങ്ങൾ സ്വീകരിച്ചെന്നും സി.ബി.ഐ കണ്ടെത്തിയതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതികൾക്കെതിരെ ശക്തമായ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്ന് കോടതിയും നിരീക്ഷിച്ചു.

Tags:    
News Summary - Kerala High Court Dismisses Discharge Petitions in 2013 Gold Smuggling Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.