ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി
തിരുവനന്തപുരം: മലപ്പുറം കിഴിശ്ശേരി സ്വദേശി ഓട്ടോറിക്ഷ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വാഹന പരിശോധനയിൽ വീഴ്ചവരുത്തിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർക്ക് (എ.എം.വി.ഐ) കാരണം കാണിക്കൽ നോട്ടീസ് നൽകാൻ മന്ത്രിയുടെ നിർദേശം. അപേക്ഷ നിരസിച്ചതുമായി ബന്ധപ്പെട്ട സി.എഫ്.ആർ.ആർ നടപടിക്രമങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥനായ എൻ. പ്രേംകുമാറിൽ നിന്ന് 15 ദിവസത്തിനുള്ളിൽ വിശദീകരണം വാങ്ങി തുടർനടപടികൾ സ്വീകരിക്കാന്‍ ഗതാഗത മന്ത്രി സി.പി. ജോൺ ഗതാഗത സെക്രട്ടറിക്ക് നിർദേശം നല്കി.
ഷൗക്കത്ത് അലിയുടെ കെ.എൽ 84/6193 ഓട്ടോറിക്ഷ 2025 നവംബർ 13ന് എ.എം.വി.ഐ എൻ. പ്രേംകുമാർ ഫിറ്റ്നസ് പരിശോധനക്ക് വിധേയമാക്കിയിരുന്നു. നിയമവിരുദ്ധമായി വാഹനത്തിൽ രൂപമാറ്റം വരുത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന് അപാകതകൾ പരിഹരിച്ച് വീണ്ടും ഹാജരാക്കാൻ അദ്ദേഹം നിർദേശം നൽകി. എന്നാൽ 1989ലെ കേരള മോട്ടോർ വാഹന ചട്ടങ്ങളിലെ 110ാം ചട്ടപ്രകാരം അപേക്ഷ നിരസിച്ച വിവരം സി.എഫ്.ആർ.ആർ ഫോമിൽ രേഖപ്പെടുത്തി അപേക്ഷകന് നൽകിയില്ല.
ഈ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥനോട് വിശദീകരണം തേടുന്നത്. ചട്ടം പാലിക്കാതിരുന്നതിന്റെയും അപേക്ഷ നിരസിച്ചത് ഫോമിൽ രേഖപ്പെടുത്താതിരുന്നതിന്റെയും കാരണം വ്യക്തമാക്കാൻ നോട്ടീസിൽ ആവശ്യപ്പെടും. ഉദ്യോഗസ്ഥന്റെ വിശദീകരണം ലഭിച്ച ശേഷം അനുയോജ്യമായ തുടർനടപടികൾ സ്വീകരിക്കാനാണ് ഗതാഗത സെക്രട്ടറിയുടെ ശിപാർശ.
അതേസമയം, ഉദ്യോഗസ്ഥന് കൈക്കൂലി നൽകാത്തതിനാലോ ഏജന്റുമാർ വഴി സമീപിക്കാത്തതിനാലോ ആണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതെന്ന ആരോപണം തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ് വാർത്തകുറിപ്പിൽ വ്യക്തമാക്കി. സ്ഥാപിത താൽപര്യങ്ങളോടെ എ.എം.വി.ഐ ബോധപൂർവം അപേക്ഷ നിരസിക്കാൻ ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്താനായില്ല. ഷൗക്കത്ത് അലിയുടെ മരണത്തിന് പിന്നിൽ മോട്ടോർ വാഹന വകുപ്പിന്റെ വീഴ്ചകൾ മാത്രമാണെന്ന് കരുതാനാകില്ലെന്നാണ് ഗതാഗത സെക്രട്ടറി ഗതാഗത മന്ത്രി സി.പി. ജോണിന് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുള്ളത്. ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങളെത്തുടർന്ന് അരീക്കോട് പൊലീസ് ആഗസ്റ്റ് 27ന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇതിന് സമാന്തരമായാണ് വകുപ്പുതലത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.