ആയുസും ആരോഗ്യവും കൊടുത്താൽ ഒരു വട്ടം കൂടി പിണറായി വിജയൻ കേരളത്തെ നയിക്കും: സജി ചെറിയാൻ
ആലപ്പുഴ: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ഉയരുന്ന സാമ്പത്തിക ആരോപണങ്ങളെ തള്ളി സജി ചെറിയാൻ എം.എൽ.എ. ആയുസ്സും ആരോഗ്യവുമുണ്ടെങ്കിൽ പിണറായി വിജയൻ ഒരിക്കൽക്കൂടി കേരളത്തെ നയിക്കുമെന്നും അതിനുള്ള രാഷ്ട്രീയ കരുത്ത് പാർട്ടിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം കണ്ട ഏറ്റവും സത്യസന്ധനായ കമ്മ്യൂണിസ്റ്റ് നേതാവാണ് അദ്ദേഹമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കും അദ്ദേഹം മറുപടി നൽകി. വെറും മൂന്ന് കോടി രൂപയാണോ പിണറായി വിജയന്റെ വിലയെന്ന് ചോദിച്ച അദ്ദേഹം, ഈ തുക വിദേശത്തേക്ക് കടത്തിയെന്ന് പറയാൻ നാണമില്ലേയെന്നും പരിഹസിച്ചു. മകൾ വഴി മൂന്ന് കോടി രൂപ വാങ്ങിയെന്ന് പറയുന്നത് അങ്ങേയറ്റം മ്ലേച്ഛമായ കാര്യമാണ്. ഇവിടെയിരുന്ന് വിളിച്ചുപറഞ്ഞാൽ ഗൾഫിൽനിന്ന് ആ തുകയൊക്കെ ആരും കൊടുക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു. നിയമപരമായി നിലനിൽക്കില്ലെന്ന് ബോധ്യമുള്ളതുകൊണ്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇത്തരം കേസുകൾ യു.ഡി.എഫ് സർക്കാരിന്റെ തലയിൽ വെച്ചുകൊടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എൺപത് വയസ്സ് പിന്നിട്ട ആ മനുഷ്യനെ വെറുതെ വിടണമെന്നും എന്ത് വന്നാലും അദ്ദേഹത്തിന്റെ ഒരു രോമം പോലും തൊടാൻ ആർക്കും കഴിയില്ലെന്നും സജി ചെറിയാൻ പറഞ്ഞു. ഒരു മനുഷ്യനെ വേട്ടയാടി പച്ചമാംസം കരിക്കുകയാണ്. ഒരു മാധ്യമം മാത്രം 6,583 തവണയാണ് അദ്ദേഹത്തിനെതിരെ ചർച്ച നടത്തിയത്. പ്രതിപക്ഷത്തിനെതിരെ കള്ളപ്രചാരണമാണ് യു.ഡി.എഫ് നടത്തുന്നതെന്നും ഭരണമാറ്റം വലിയ അബദ്ധമായെന്ന് തിരിച്ചറിയുന്ന ജനങ്ങൾ ഇന്ന് കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒറ്റിക്കാശ് വാങ്ങി മറുകണ്ടം ചാടിയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ടതില്ലെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
അതേസമയം, പിണറായി വിജയനെ ഇ.ഡി ബോധപൂർവം വേട്ടയാടുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണനും പ്രതികരിച്ചു. പിണറായി വിജയന്റെ മകളെ വിവാഹം കഴിച്ചതുകൊണ്ട് മുഹമ്മദ് റിയാസിനെയും ഇ.ഡി സമാനമായ രീതിയിൽ വേട്ടയാടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.