തിരുവനന്തപുരം: എ.കെ. ബാലൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തോട് ചോദിക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ‘യു.ഡി.എഫ് അധികാരത്തിൽ വരാൻ പോകുന്നില്ല. യു.ഡി.എഫ് അധികാരത്തിൽ വരുമ്പോഴല്ലേ ജമാഅത്തെ ഇസ്‌ലാമി അധികാരത്തിൽ വരുന്നതിന്‍റെ പ്രശ്നം പരിശോധിക്കേണ്ടത്? അതാണ് സി.പി.എമ്മിന്‍റെ നിലപാട്. അതിൽനിന്നും വ്യത്യസ്തമായി ബാലനെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ബാലനോട് സംസാരിച്ച് വ്യക്തമാക്കണം’ - എൽ.ഡി.എഫ് കൺവീനർ വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മാറാട് അടഞ്ഞ അധ്യായമാണെന്നും അതിനെ കുറിച്ച് വീണ്ടും പറഞ്ഞ് ഭിന്നിപ്പിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ നേട്ടങ്ങളെ മറികടക്കാൻ വർഗീയ ധ്രുവീകരണമാണ് യു.ഡി.എഫും ബി.ജെ.പിയും നടത്തിയതെന്നും അവരുടെ വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തിയത് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ പ്രചാരണങ്ങളെ മാധ്യമങ്ങൾ പിന്തുണച്ചു. തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പ്രധാന സൂചന ഇടതുമുന്നണിയുടെ അടിത്തറ ഭദ്രമാണെന്നാണ്. അതിനാൽ, വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ.
ഇടതുമുന്നണിക്ക് പ്രതീക്ഷിച്ച വിജയം നേടാനാവാത്തതിന് പല കാരണങ്ങളുമുണ്ട്. അവ സൂക്ഷ്മ തലത്തിൽ പരിശോധിക്കും. ഇടതുമുന്നണിയുടെയോ മുന്നണിയിലെ പാർട്ടികളുടെയോ മുന്നണിക്ക് നേതൃത്വം കൊടുക്കുന്നവരുടെയോ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിൽ വീഴ്ചയോ തെറ്റോ ഉണ്ടെങ്കിൽ അവ ജനങ്ങളുടെ അഭിപ്രായം പരിഗണിച്ച് തിരുത്തും.
തെറ്റായ വഴികളിലൂടെ ഇടപെടാനുള്ള സമ്പന്ന ശക്തികളുടെ താൽപര്യങ്ങളെ പ്രതിരോധിക്കുന്നതായിരുന്നു ഇടതുപക്ഷത്തിന്‍റെ തുടർ ഭരണം. സമ്പന്ന താൽപര്യങ്ങൾക്ക് വഴങ്ങാത്ത നിലപാട് സ്വീകരിച്ച സർക്കാർ നയത്തെ അത്തരം വിഭാഗം വലിയ തോതിൽ എതിർത്തതും യു.ഡി.എഫിന് സഹായമായി. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ സ്ഥാപിത താൽപര്യക്കാർ ഇടതുമുന്നണിക്കെതിരെ ശക്തമായി രംഗത്തുവന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.