തിരുവനന്തപുരം: കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി സൗമൻ സെൻ ചുമതലയേറ്റെടുത്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, മേയർ വി.വി.രാജേഷ്, മന്ത്രി പി.രാജീവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൊൽക്കത്ത സ്വദേശിയായ സൗമൻ സെൻ 2011ലാണ് കൽക്കട്ട ഹൈകോടതിയിൽ ജഡ്ജിയായത്. 2025 സെപ്റ്റംബറിൽ മേഘാലയ ഹൈകോടതിയുടെ ചീഫ് ജസ്റ്റിസായി.
ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയത്തിന്റെ ശിപാർശകൾ പ്രകാരം ജസ്റ്റിസ് സെന്നിനെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ട് കേന്ദ്രം നേരത്തെ വിജ്ഞാപനം ചെയ്തിരുന്നു.
1965 ജൂലൈ 27ന് ജനിച്ച ചീഫ് ജസ്റ്റിസ് സൗമെൻ സെൻ കൊൽക്കത്തയിലെ സെന്റ് ലോറൻസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1990ൽ കൊൽക്കത്ത സർവകലാശാലയിൽ നിന്ന് അഞ്ച് വർഷത്തെ എൽ.എൽ.ബി ബിരുദം നേടി. 1991 ജനുവരിയിൽ പശ്ചിമ ബംഗാളിലെ ബാർ കൗൺസിലിൽ അഭിഭാഷകനായി ചേർന്ന അദ്ദേഹം കൽക്കട്ട ഹൈകോടതിയിലും വിവിധ കോടതികളിലും ട്രൈബ്യൂണലുകളിലും ഏകദേശം രണ്ട് പതിറ്റാണ്ടോളം പ്രാക്ടീസ് ചെയ്തു.
സിവിൽ, ഭരണഘടനാ, ബാങ്കിങ്, ആർബിട്രേഷൻ എന്നീ വിഷയങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തന മേഖലകളിൽ ഉൾപ്പെടുന്നു. കൂടാതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെബി, സിഡ്ബിഐ തുടങ്ങിയ സ്ഥാപനങ്ങൾക്കുവേണ്ടിയും അദ്ദേഹം ഹാജറായി. 2011 ഏപ്രിൽ 13ന് ജസ്റ്റിസ് സെൻ കൽക്കട്ട ഹൈകോടതി ജഡ്ജിയായി ബെഞ്ചിലേക്ക് ഉയർത്തപ്പെട്ടു. 2025 സെപ്റ്റംബർ 26ന് മേഘാലയ ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2025 ഒക്ടോബർ 8ന് സത്യപ്രതിജ്ഞ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.