തിരുവനന്തപുരം: വിവാദ പ്രസ്താവനയിൽ എ.കെ. ബാലനെ തള്ളാതെയും മാധ്യമങ്ങളെ കുറ്റപ്പെടുത്തിയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വർഗീയതയെ തുറന്ന് കാണിക്കുമ്പോൾ മാധ്യമങ്ങളടക്കം മതത്തിനെതിരായ വിമർശനം എന്ന് പറയുന്നു. ആർ.എസ്.എസിനെതിരായ വിമർശനം ഹിന്ദു മതത്തിനും ജമാഅത്തെ ഇസ്‍ലാമിക്കെതിരായ വിമർശനം ഇസ്‍ലാം മതത്തിനും എതിരെയാണെന്നാണ് ഇക്കൂട്ടരടക്കം പ്രചരിപ്പിക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഗാന്ധിജിയും ഗോഡ്സെയും പോലെ മതവിശ്വാസവും വർഗീയതയും രണ്ടും രണ്ടാണ്. എല്ലാ മതവിശ്വാസികളും അണിചേർന്ന് ന്യൂനപക്ഷ -ഭൂരിപക്ഷ വർഗീയതയെ ഒറ്റപ്പെടുത്തണം. തീവ്ര വലതുപക്ഷ ശക്തികളും മതധ്രുവീകരണ ശക്തികളും രാഷ്ട്രീയ നേട്ടങ്ങൾക്ക് മതത്തെ ഉപയോഗിക്കുകയാണ്. മതരാഷ്ട്ര ആശയം പങ്കുവെക്കുന്ന വർഗീയ ശക്തികൾ ജനാധിപത്യത്തിന് ഭീഷണിയാണ്. ജമാഅത്തെ ഇസ്‍ലാമിയെ സി.പി.എം മുമ്പേ എതിർക്കുന്നതാണ്. ദേശദ്രോഹ നിലപാട് പുലർത്തുന്ന ജമാഅത്തെ ഇസ്ലാമിയെ വേണ്ടിവന്നാൽ നിരോധിക്കുമെന്ന് 2014 ജനുവരി 12ന് സത്യവാങ്മൂലം നൽകിയത് ഉമ്മൻചാണ്ടി സർക്കാറാണ്. ആ മന്ത്രിസഭയിലുള്ളവരായിരുന്നു ഇന്ന് അവരെ പിന്തുണക്കുന്ന രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും. അവർ മതരാഷ്ട്ര വാദികളല്ലെന്ന് സർട്ടിഫിക്കറ്റ് കൊടുത്ത വി.ഡി. സതീശൻ ആ സർക്കാർ നയത്തിന്‍റെ പ്രധാന പിന്തുണക്കാരനായിരുന്നു. സമൂഹത്തിലെ വിഷമായ ആർ.എസ്.എസിനെയും ജമാഅത്തെ ഇസ്‍ലാമിയെയും ഒഴിവാക്കണം. മതവിശ്വാസവും വർഗീയതയും രണ്ടാണെന്ന യാഥാർഥ്യം സി.പി.എം തുറന്നുകാട്ടും. വർഗീയ രാഷ്ട്രീയത്തിനെതിരെ ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ 30ന് ജില്ലാടിസ്ഥാനത്തിൽ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എ.കെ. ബാലൻ മാറാട് കലാപത്തെക്കുറിച്ച് പറഞ്ഞത് വീണ്ടും ഭിന്നിപ്പുണ്ടാക്കില്ലേ എന്ന ചോദ്യത്തിന്, മാറാടിനെ കുറിച്ച് പറഞ്ഞാൽ എന്താണ് പ്രയാസമെന്നും യു.ഡി.എഫ് ഭരണ കാലത്തായിരുന്നു മാറാട് കലാപമെന്നും അദ്ദേഹം പറഞ്ഞു. ബാലനെ താൻ തള്ളുന്നില്ല. അദ്ദേഹം അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞു, താൻ പാർട്ടിയുടെ അഭിപ്രായവും പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് എസ്.ഐ.ടി നടപടിയാണ്. അറസ്റ്റ് അനിവാര്യമായിരുന്നോ എന്നതെല്ലാം എസ്.ഐ.ടിയാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Tags:    
News Summary - CPM blames media for not rejecting A.K. Balan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.