മാധ്യമം ബുക്സിന്റെ പുസ്തകങ്ങൾ തിരുവനന്തപുരം നിയമസഭാ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തപ്പോൾ. മാധ്യമം ബുക്സ് എഡിറ്റോറിയൽ അംഗം ആർ.കെ ബിജുരാജ്, എം.എൻ സുഹൈബ്, വയലാർ ഗോപകുമാർ, മാധ്യമം എഡിറ്റർ വി.എം ഇബ്രാഹീം, എംജി രാധാകൃഷ്ണൻ, വി ഷിനിലാൽ, രാജ് കലേഷ്, ശ്രീകണ്ഠൻ കരിക്കകം, സുബൈർ പി. ഖാദർ എന്നിവർ വേദിയിൽ.
തിരുവനന്തപുരം: മാധ്യമം ബുക്സ് പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങൾ പ്രകാശിതമായി. എം.എൻ സുഹൈബ് രചിച്ച ‘തമിഴൻ’ എന്ന പുസ്തകം മാധ്യമ പ്രവർത്തകർ എം.ജി രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. കഥാകൃത്ത് ശ്രീകണ്ഠൻ കരിക്കകം ഏറ്റുവാങ്ങി. പി.കെ നിയാസിന്റെ ‘ഹിരോഷിമ; ഒരു മാധ്യമപ്രവർത്തകന്റെ അന്വേഷണയാത്ര’ എന്ന പുസ്തകം മാധ്യമപ്രവർത്തകൻ വയലാർ ഗോപകുമാറിന് നൽകി നോവലിസ്റ്റ് വി. ഷിനിലാൽ പ്രകാശനം ചെയ്തു. സുബൈർ പി. ഖാദർ എഡിറ്റ് ചെയ്ത ‘രുചിഭേദങ്ങളുടെ 101 ബിരിയാണികൾ’ എന്ന പുസ്തകം രാജ് കലേഷ് പ്രകാശനം ചെയ്തു. വി. ഷിനിലാൽ ഏറ്റുവാങ്ങി.
മലയാളി ജീവിതത്തിൽ പല ഘട്ടങ്ങളിലും സ്വാധീനിക്കുകയും ഇപ്പോഴും പല തലങ്ങളിലും സ്പർശിക്കുകയും ചെയ്യുന്ന തമിഴിലെ സവിശേഷ വ്യക്തിത്വമുള്ള പ്രതിനിധികളെ പരിചയപ്പെടുത്തുന്ന പുസ്തകമാണ് ‘തമിഴൻ’ എന്ന് എം.ജി രാധാകൃഷ്ണൻ പറഞ്ഞു. ടൈറ്റിലിന് അപ്പുറമുള്ള കാഴ്ചയാണ് ‘ഹിരോഷിമ: ഒരു മാധ്യമപ്രവർത്തകന്റെ അന്വേഷണയാത്ര’ എന്ന പുസ്തകം നൽകുന്നതെന്ന് വി. ഷിനിലാൽ അഭിപ്രായപ്പെട്ടു. ചൈനീസ് -അറബിക് ഭക്ഷണ വിഭവങ്ങളുടെ ഓളങ്ങൾക്കിടയിലും നമ്മുടെ ബിരിയാണിക്ക് അതിന്റേതായ മഹിമയുണ്ടെന്നാണ് തെന്റ അഭിപ്രായമെന്ന് ‘രുചിഭേദങ്ങളുടെ 101 ബിരിയാണികൾ’ എന്ന പുസ്തകത്തെ പരാമർശിച്ച് രാജ് കലേഷ് പറഞ്ഞു. മാധ്യമം എഡിറ്റർ വി.എം ഇബ്രാഹിം ആമുഖ പ്രഭാഷണം നടത്തി. മാധ്യമം ബുക്സ് എഡിറ്റോറിയൽ അംഗം ആർ.കെ ബിജുരാജ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.