പദവി ലഭിക്കാൻ ലത്തീൻ സഭ ഇടപെട്ടെന്ന് കൊച്ചി മേയർ വി.കെ. മിനിമോൾ; വിവാദമായതോടെ വിശദീകരണം

കൊച്ചി: തനിക്ക് മേയർ പദവി ലഭിക്കാൻ ലത്തീൻ സഭ ഇടപെട്ടെന്ന് കൊച്ചി മേയർ വി.കെ. മിനിമോൾ. കൊച്ചിയിൽ 46ാമത് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിൽ(കെ.ആർ.എൽ.സി.സി) ജനറൽ അസംബ്ലി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഈ വെളിപ്പെടുത്തൽ. താൻ ഈ വേദിയിൽ നിൽക്കുന്നത് ലത്തീൻ സമുദായത്തിന്‍റെ ഉറച്ച ശബ്ദം സമൂഹത്തിൽ ഉയർന്നതിന്‍റെ തെളിവാണെന്നാണ് മേയർ പറഞ്ഞത്.

പലപ്പോഴും അർഹതക്കപ്പുറമുള്ള പല സ്ഥാനങ്ങളും തീരുമാനിക്കുമ്പോൾ അതിലേക്ക് ശബ്ദമുയർത്താൻ സംഘടനാശക്തിക്ക് സാധിച്ചുവെന്നതിന്‍റെ തെളിവാണിത്. എല്ലാ സഭാപിതാക്കളും തനിക്കുവേണ്ടി പറഞ്ഞിട്ടുണ്ടെന്ന് അറിയാം. അതിൽ നന്ദിയുണ്ട്. ലത്തീന്‍ സമുദായത്തിന്റെ ശക്തി തിരിച്ചറിയുന്ന ദിവസമുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു. സഭയുടെ ഇടപെടൽ സംബന്ധിച്ച മേയറുടെ പ്രസ്താവനയിൽ തെറ്റില്ലെന്ന് കെ.ആർ.എൽ.സി.സി അധ്യക്ഷൻ ഡോ. വർഗീസ് ചക്കാലക്കലും പ്രതികരിച്ചു.

അതേസമയം, വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി പിന്നീട് മേയർ രംഗത്തെത്തി. കെ.ആർ.എൽ.സി.സി യോഗത്തിലേക്ക് ലത്തീൻ സമുദായക്കാരിയല്ലാത്ത തന്നെ വിളിച്ചതിലുള്ള നന്ദി വൈകാരികമായി അവതരിപ്പിക്കുകയാണ് ചെയ്തതത്. സഹായിച്ചവർക്കൊക്കെ നന്ദി പറയുന്നുണ്ട്. ഓരോ സമുദായ നേതാക്കളേയും കണ്ട് നന്ദി അറിയിച്ചിരുന്നു. കത്തോലിക്ക സഭാ മോധാവികൾ ഇരിക്കുന്ന സദസ്സിൽ പങ്കെടുക്കവെ, ആ അവസരം നന്ദി പറയാൻകൂടി വിനിയോഗിക്കുകയായിരുന്നു. എല്ലാ സമുദായക്കാരും തന്നെ സഹായിച്ചിട്ടുണ്ട്. തന്‍റെ സീനിയോറിറ്റിയും കഴിവുമാണ് മേയറാകാൻ പരിഗണിച്ചതെന്നും മിനിമോൾ വിശദീകരിച്ചു.

തെരഞ്ഞെടുപ്പ് സമയത്ത് മുതലേ മേയർസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയ കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ തഴഞ്ഞ് മിനിമോളെയോ ഷൈനി മാത്യുവിനെയോ മേയറായി തെരഞ്ഞെടുക്കാൻ ആലോചന നടക്കുമ്പോൾ മുതൽ ഇക്കാര്യത്തിൽ സഭയുടെ ഇടപെടൽ സംബന്ധിച്ച് ആരോപണമുയർന്നിരുന്നു. എന്നാൽ, ഇത് നേതാക്കൾ തള്ളിയിരുന്നു. മേയർ തെരഞ്ഞെടുപ്പിൽ ഒരു ബാഹ്യ ഇടപെടലും ഉണ്ടായിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെയും പ്രതികരണം. കെ.പി.സി.സി മാനദണ്ഡ പ്രകാരമല്ല മേയർ തെരഞ്ഞെടുപ്പ് നടന്നതെന്ന് കാട്ടി ദീപ്തി മേരി വർഗീസ് നൽകിയ പരാതി കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ പരിഗണനയിലാണ്.

Tags:    
News Summary - Latin Church intervened to get post -Kochi Mayor V.K. Minimol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.