ദ്വാരപാലക ശിൽപ കേസിലും രാജീവരെ പ്രതിചേർക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ദ്വാരപാലക ശില്‍പ പാളികളിലെ സ്വര്‍ണമോഷണ കേസിലും പ്രതിചേർക്കും. കട്ടിളപ്പാളി കേസിലെ സമാന ഗൂഢാലോചനയും ഒത്താശയും ദ്വാരപാലക ശില്‍പപാളി കേസിലും തന്ത്രി നടത്തിയെന്നാണ് എസ്.ഐടി കണ്ടെത്തൽ.

പാളികള്‍ പുറത്തുകൊണ്ടുപോയത് തന്ത്രിയുടെ അറിവോടെയായിരുന്നുവെന്നും തിരികെയെത്തിക്കാന്‍ വൈകിയപ്പോഴും ഇടപെട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദ്വാരപാലക ശില്‍പ കേസില്‍ക്കൂടി പ്രതിചേര്‍ക്കാന്‍ എസ്‌.ഐ.ടി കോടതിയുടെ അനുമതി തേടുക.

ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയും പ്രഭാമണ്ഡലവും കൊള്ളയടിച്ച കേസിലാണ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കല്‍, പൊതുസ്വത്തിന്റെ അപഹരണവും ദുരുപയോഗവും തുടങ്ങി ജീവപര്യന്തം ശിക്ഷവരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഈ കേസില്‍ തന്ത്രിയുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും. അന്നുതന്നെ ദ്വാരപാലക ശില്‍പപാളി കേസിലും അറസ്റ്റ് രേഖപ്പെടുത്താനാണ് എസ്.ഐ.ടി നീക്കം.

എ. പത്മകുമാറിന്റെയും ഗോവര്‍ധന്റെയും മൊഴികളാണ് സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് കുരുക്കായത്. പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയത് തന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന് പത്മകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്ത്രിയുമായി അടുത്ത ബന്ധമാണുണ്ടായിരുന്നതെന്ന് ബെല്ലാരിയിലെ വ്യാപാരി ഗോവര്‍ധനും മൊഴി നൽകി. കൂടാതെ, ദേവസ്വം ജീവനക്കാരുടെ മൊഴിയും തന്ത്രിക്ക് തിരിച്ചടിയാവുകയായിരുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്ത്രിയുമായി 2004 മുതല്‍ ബന്ധമുണ്ടെന്നാണ് എസ്‌.ഐ.ടി കണ്ടെത്തല്‍. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. ഇതിന്‍റെ കൂടുതല്‍ പരിശോധനക്കായി രാജീവരുടെ മൊബൈല്‍ ഫോണടക്കം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയെയും തന്ത്രിയെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് നീക്കം. ഇരുവര്‍ക്കും വേണ്ടി ഉടൻ കസ്റ്റഡി അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കും.

2019 മെയ് 18നാണ് കട്ടിളപ്പാളികള്‍ സന്നിധാനത്ത് നിന്ന് കൊണ്ടുപോയത്. അന്നും അവ തിരികെ സ്ഥാപിക്കുമ്പോഴും തന്ത്രി സന്നിധാനത്തുണ്ടായിരുന്നു. ആചാരം ലംഘിച്ചുള്ള നടപടിയായിട്ടും തന്ത്രി എതിര്‍ത്തില്ല. അത്തരത്തില്‍ മൗനാനുവാദം കൊടുത്തത് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഗൂഢാലോചനയുടെ ഭാഗമായാണെന്നും എസ്.ഐടി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ജയിലില്‍ ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: ജയിലിൽവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠര് രാജീവരെ മെഡിക്കൽ കോളജ് ആശുപത്രി ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്പെഷൽ സബ് ജയിലിൽ കഴിയവേ, ശനി‍യാഴ്ച രാവിലെ ഭക്ഷണം നൽകാനെത്തിയ ഉദ്യോഗസ്ഥരോട് തനിക്ക് തലകറക്കമുണ്ടെന്ന് തന്ത്രി അറിയിക്കുകയായിരുന്നു. തുടർന്നാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.

രക്തസമ്മർദ്ദം ഉയർന്ന നിലയിലാണെന്ന് കണ്ടെത്തിയതോടെ കൂടുതൽ പരിശോധനകൾക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാർഡിയോളജി, മെഡിസിൻ വകുപ്പുകളുടെ ശുപാർശയിൽ എം.ഐ.സി.യു ഒന്നിൽ പ്രവേശിപ്പിക്കുകയായിരുന്നു. തന്ത്രിയുടെ ആരോഗ്യം നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് എം.ഐ.സി.യുവിലേക്ക് മാറ്റിയതെന്ന് ഡോക്ടർമാർ അറിയിച്ചു. തന്ത്രിയുടെ കാലിന് നീരുണ്ടെന്നും ഇ.സി.ജിയിൽ കൂടുതൽ പരിശോധന വേണ്ടിവരുമെന്നും ജനറൽ ആശുപത്രിയിൽ പരിശോധിച്ച ഡോക്ടര്‍ വിനു പറഞ്ഞു. അദ്ദേഹത്തിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും കൂടുതൽ പരിശോധനക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

മതിയായ ചികിത്സ നൽകണമെന്ന് റിമാൻഡ് ചെയ്യവേ ജയിൽ സൂപ്രണ്ടിനോട് കോടതിയും നിർദേശിച്ചിരുന്നു. ഈ മാസം 23 വരെയാണ് തന്ത്രിയെ കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തതിരിക്കുന്നത്. കേസിനെകുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു ജനറൽ ആശുപത്രിയിലെത്തിച്ചപ്പോള്‍ കണ്‌ഠര് രാജീവര് പ്രതികരിച്ചത്.

Tags:    
News Summary - Tantri Kandararu Rajeevaru will also be made an accused in the Dwarpalaka sculpture case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.