കോഴിക്കോട്: തദ്ദേശസ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ നിയമിച്ച ടെക്നിക്കൽ അസിസ്റ്റന്റുമാരെ സ്ഥിരപ്പെടുത്താൻ സർക്കാർ നടത്തിയ നീക്കം പൂർണ ചട്ടവിരുദ്ധമെന്ന് രേഖകൾ. ഇവരെ സ്ഥിരപ്പെടുത്തുന്നതിന് മുന്നോടിയായുള്ള റിപ്പോർട്ടിന് പ്രിൻസിപ്പൽ ഡയറക്ടർക്ക് സർക്കാർ കത്തുനൽകിയത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്ന കഴിഞ്ഞ ഡിസംബർ മൂന്നിന്. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത് 2025 ഡിസംബർ 9, 11 തീയതികളിലായിരുന്നു.
ഇതിന് ആറുദിവസം മുമ്പാണ് സ്ഥിരപ്പെടുത്തൽ റിപ്പോർട്ടിനുള്ള കത്ത് തയാറാക്കിയത്. ഈ കത്തിനുമുമ്പ് ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ കരാർ കാലാവധി ദീർഘിപ്പിക്കുന്നതിന് കഴിഞ്ഞ ഒക്ടോബർ മൂന്നിനും 2024 ജനുവരി 30നും സർക്കാർ ഉത്തരവുകൾ ഇറക്കിയിട്ടുണ്ട്. സ്ഥിരനിയമനത്തിനുള്ള ആവശ്യം ഉന്നയിക്കില്ലെന്ന വ്യവസ്ഥ കൂടി കരാറിൽ ഉൾപ്പെടുത്തണമെന്നും കരാർ പുതുക്കുന്നതിനുമുമ്പ് ആവശ്യമായ സർവിസ് വിടവ് നൽകണമെന്നും ഈ രണ്ട് ഉത്തരവുകളിലും പ്രത്യേകം നിഷ്കർഷിച്ചിട്ടുമുണ്ട്. ഇപ്രകാരം സർക്കാർ വ്യവസ്ഥ സമ്മതിച്ച് ഒപ്പിട്ട കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് അവരുടെ സംഘടന നിവേദനം നൽകിയാൽ അത് സർക്കാർ ഉത്തരവിനുതന്നെ വിരുദ്ധമാണ്.
സർക്കാർ ഉത്തരവിന് വിരുദ്ധമായ അപേക്ഷയുടെ അടിസ്ഥാനത്തിൽ സർക്കാർ തദ്ദേശ ഭരണ പ്രിൻസിപ്പൽ ഡയറക്ടർക്ക് കത്ത് നൽകുകയും ചെയ്തു. ഇത്തരം കത്ത് ലഭിച്ചാൽ അത് മുൻകാല സർക്കാർ ഉത്തരവുകളിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന വിവരം സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുപകരം, റിപ്പോർട്ട് തേടി ജോ. ഡയറക്ടർമാർക്ക് അയക്കുകയാണ് പ്രിൻസിപ്പൽ ഡയറക്ടർ ചെയ്തത്.
കോഴിക്കോട്: കഴിഞ്ഞ പത്ത് വർഷമായി തദ്ദേശസ്ഥാപനങ്ങളിൽ കരാർ നിയമനം വഴി ജോലി നേടിയ സി.ഐ.ടി.യു പ്രവർത്തകരെ സ്ഥിരപ്പെടുത്തിയാൽ ശക്തമായ പ്രക്ഷോഭത്തിന് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർഭരണം ഉണ്ടാവില്ലെന്ന തിരിച്ചറിവിൽ പിണറായി സർക്കാർ വ്യാപകമായ രീതിയിൽ പിൻവാതിൽ നിയമനങ്ങൾ നടത്തുകയാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
പി.എസ്.സി വഴി ജോലിക്ക് കാത്തിരിക്കുന്ന ഉദ്യോഗാർഥികളെ വഞ്ചിക്കുന്ന നിലപാടാണിത്. പാർട്ടി പ്രവർത്തകരും ദേശാഭിമാനി വരിക്കാരുമായവരെ തദ്ദേശസ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റൻറുമാരായി നിയമിക്കണമെന്നാണ് സി.പി.എമ്മിന്റെ തൊഴിലാളി സംഘടനയായ സി.ഐ.ടി.യു ആവശ്യപ്പെടുന്നത്. 900 ടെക്നിക്കൽ അസിസ്റ്റൻറുമാരിൽ 872 പേരും സി.ഐ.ടി.യു അംഗങ്ങളാണെന്നും ദേശാഭിമാനി പത്രത്തിന്റെ വരിക്കാരാണെന്നും വ്യക്തമാക്കുന്ന കത്താണ് സി.ഐ.ടി.യു കേരള ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റൻറ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി എളമരം കരീമിന് നൽകിയത്. ഒരു സംവരണ മാനദണ്ഡങ്ങളും പാലിക്കാതെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ഫിറോസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.