തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സിറ്റി സൈബർ പൊലീസ് തിരുവനന്തപുരം എ.സി.ജെ.എം കോടതിയിൽ അപേക്ഷ നൽകിയത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ വ്യാജ അതിജീവിത എന്ന് വിളിച്ചെന്നും ഇത് അതിജീവിതയിൽ ഭയവും മാനസിക സമ്മർദ്ദവും ഉണ്ടാക്കിയെന്നുമാണ് അപേക്ഷയിലുള്ളത്. പരാതിയുമായി ബന്ധപ്പെട്ട തുടർ നടപടികളിൽനിന്നും അതിജീവിതയെ പിന്തിരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് രാഹുൽ ഈശ്വറിന്റെ അപമാനിക്കലെന്നും അപേക്ഷയിൽ പറയുന്നു. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
തിങ്കളാഴ്ച രാഹുൽ ഈശ്വറിനോട് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഈശ്വറിന് പറയാനുള്ളതും അതിജീവിതയുടെ അഭിഭാഷകന് പറയാനുള്ളതും കേട്ട ശേഷമായിരിക്കും ജാമ്യവ്യവസ്ഥയിലെ ലംഘനവുമായി ബന്ധപ്പെട്ട നിർണായക തീരുമാനം കോടതി സ്വീകരിക്കുക.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതക്കെതിരായ സൈബർ അധിക്ഷേപത്തിൽ ജയിലിലായതിന് പിന്നാലെ 16 ദിവസത്തിന് ശേഷമാണ് കർശനമായ വ്യവസ്ഥകളോടെ രാഹുൽ ഈശ്വറിന് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.