കണ്ണൂർ മെഡിക്കൽ കോളജ് കെട്ടിടത്തിൽനിന്ന് ചാടിയ യുവാവ് മരിച്ചു

പയ്യന്നൂർ: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി ആറാം നിലയില്‍നിന്ന് താഴേക്ക് ചാടിയ, രോഗിയുടെ കൂട്ടിരിപ്പുകാരന്‍ മരിച്ചു. ശ്രീകണ്ഠപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ ടോം തോംസണ്‍ (40)ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ച ഒന്നോടെയാണ് സംഭവം.

ടോം തോംസണിന്റെ പിതാവ് തോമസ് ശസ്ത്രക്രിയ കഴിഞ്ഞ് ഏഴാം നിലയില്‍ അഡ്മിറ്റാണ്. ഇദ്ദേഹത്തെ പരിചരിക്കുന്നതിനാണ് ടോം ആശുപത്രിയില്‍ എത്തിയത്. നാല് ദിവസം മുമ്പാണ് തോമസ് ശസ്ത്രക്രിയക്കായി ഏഴാം നിലയിലെ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ടത്. പുലര്‍ച്ച ഒന്നോടെ ഇയാള്‍ ആശുപത്രിയില്‍ ബഹളമുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പറയുന്നു. സുരക്ഷ ജീവനക്കാരും ആശുപത്രിയില്‍ ഉണ്ടായിരുന്ന മറ്റ് കൂട്ടിരിപ്പുകാരും ഇടപെട്ടതോടെ ഇയാള്‍ പുറത്തേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി. ഏഴാം നിലയിലെ ഗോവണിക്കു സമീപത്തുനിന്നും ജനലിലൂടെ പുറത്തേക്ക് കടന്നു.

ഇതോടെ ആശുപത്രി അധികൃതര്‍ 1.15ന് പയ്യന്നൂര്‍ അഗ്നിരക്ഷസേനയെ വിവരമറിയിച്ചു. സേന സ്ഥലത്തെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാതെ വന്നതോടെ താഴെ വലവിരിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍, ഏഴാം നിലയില്‍ നിന്ന് ആറാം നിലയിലേക്കുവന്ന് ടോം തോംസണ്‍ വലയില്ലാത്ത ഭാഗത്തുനിന്നും താഴേക്ക് ചാടുകയായിരുന്നു. ഉടന്‍ സേനാംഗങ്ങള്‍ ഇയാളെ മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ച 3.10ന് മരിച്ചു. ഭാര്യ: ജ്യോഷി മോള്‍. മക്കള്‍: ആഷിക്, അയോണ്‍. സഹോദരങ്ങള്‍: അനില്‍, സുനി, സുമ, സുജ. പരിയാരം പൊലീസ് കേസെടുത്തു.

Tags:    
News Summary - Man died after jumping from Kannur medical college building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.