ഇസ്രയേല്‍ ഗാസയില്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെ നാളെ സി.പി.എം പ്രതിഷേധം

തിരുവനന്തപുരം: ഇസ്രയേല്‍ ഗാസയില്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയിലും, അധിനിവേശത്തിലും പ്രതിഷേധിച്ചുകൊണ്ട്‌ നാളെ സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന്‌ പാര്‍ടി സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ അഭ്യർഥിച്ചു.

ഇസ്രയേല്‍ സൈന്യം ഗാസക്കെതിരായി കര വഴിയുള്ള കടന്നുകയറ്റം ആരംഭിച്ചിരിക്കുകയാണ്‌. ഈ പടനീക്കങ്ങളുടെ ഫലമായി 5000ത്തിലധികം പേര്‍ ഇതിനകം മരിച്ചുകഴിഞ്ഞു. ആശുപത്രികള്‍, വിദ്യാലയങ്ങള്‍ ,ക്രിസ്‌ത്യന്‍ ദേവാലയങ്ങള്‍, മനനുഷ്യരുടെ എല്ലാവിധ അഭയ കേന്ദ്രങ്ങളും അതി ശക്തമായ ബോംബിംഗിന്‌ വിധേയമായിക്കൊണ്ടിരിക്കുകയാണ്‌.

ഗാസ പ്രദേശത്തെ ഇടിച്ച്‌ നിരപ്പാക്കി ജനതയെ നാട്‌ കടത്തിയും, കൊലപ്പെടുത്തിയും ഗാസയെ ഇസ്രയേലിനോട്‌ ചേര്‍ക്കാനുള്ള പദ്ധതികളാണ്‌ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്‌. പാലസ്‌തീനികള്‍ക്ക്‌ അവരുടെ ജന്മനാടിന്‌ മുകളിലുള്ള അവകാശത്തേയാണ്‌ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്‌.

സാമ്രാജ്യത്വ പിന്തുണയോടെ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ എല്ലാ കാലവും പ്രതിഷേധിക്കുന്ന നിലപാടാണ്‌ ഇന്ത്യാ രാജ്യം സ്വീകരിച്ചത്‌. ഇസ്രയേലുമായി നയതന്ത്ര ബന്ധം പോലും ഇല്ലാത്ത നിലപാടായിരുന്നു ഇന്ത്യയ്‌ക്കുണ്ടായിരുന്നത്‌. യു.എന്‍ല്‍ പാലസ്‌തീനുവേണ്ടി ശക്തമായ നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചത്‌. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്‌തമായി സാമ്രാജ്യത്വ ഗൂഢാലോചനയ്‌ക്ക്‌ കൂട്ടുപിടിക്കുകയാണ്‌ ഇന്ത്യ ഇപ്പോള്‍ ചെയ്യുന്നത്‌. അമേരിക്കയുടേയും, ഇസ്രയേലിന്റേയും കൂടെ ചേര്‍ന്ന്‌ നിന്നുകൊണ്ട്‌ ഇന്ത്യ മുന്നോട്ടുപോകുകയാണ്‌. ഈ നിലപാടിനെതിരേയും ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്‌.

ഗാസയിലെ ഈ സ്ഥിതിവിശേഷത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ സ്വീകരിക്കുന്ന തെറ്റായ നടപടികള്‍ക്കെതിരേയും ഡല്‍ഹിയില്‍ നാളെ 11 മണിക്ക്‌ പാര്‍ടി പി.ബി അംഗങ്ങളും, കേന്ദ്ര കമ്മിറ്റി അംഗങ്ങളുള്‍പ്പെടെയുള്ളവര്‍ സത്യാഗ്രഹ സമരം നടത്തുകയാണ്‌. ജനാധിപത്യ വിശ്വാസികൾ ഇതുമായി ഐക്യപ്പെടണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ അറിയിച്ചു. 

Tags:    
News Summary - Tomorrow, CPM will protest against the genocide being carried out by Israel in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.