തൃശൂരിൽ ആധിപത്യം നേടുന്ന മുന്നണി സംസ്ഥാനം ഭരിക്കുന്നതാണ് അനുഭവം. അതുകൊണ്ടുതന്നെ ജില്ലയെ വരുതിയിലാക്കാൻ തീവ്ര പരിശ്രമത്തിലാണ് ഇരു മുന്നണികളും. ഞെട്ടിക്കുമെന്ന് പുറമെ കരുതുന്ന മണ്ഡലങ്ങളാവില്ല ഒടുവിൽ ശരിക്കും ഞെട്ടിക്കുക എന്ന മട്ടിലാണ് പോര് മുറുകുന്നത്.
2016ൽ 13ൽ 12 സീറ്റും ഇടതുമുന്നണി കൊണ്ടുപോയി. വടക്കാഞ്ചേരിയിൽ യു.ഡി.എഫ് കഷ്ടിച്ച് കടന്നുകൂടി. ഇക്കുറി പക്ഷേ, കളി മാറുമെന്ന് പറഞ്ഞാണ് യു.ഡി.എഫിെൻറ തുടക്കം. കളി പലതും സ്വന്തം ക്യാമ്പിലായിപ്പോയി എന്നത് വേറെ കാര്യം. 11 സീറ്റിൽ മത്സരിക്കുന്നത് കോൺഗ്രസാണ്. മണലൂരിലെയും കൊടുങ്ങല്ലൂരിലെയും സ്ഥാനാർഥി പ്രഖ്യാപനം മുതിർന്ന ചില നേതാക്കളെപ്പോലും 'ഞെട്ടിച്ചു'. പുതുക്കാട്ടും ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും ചേലക്കരയിലും ഒല്ലൂരിലും അസ്വസ്ഥതയുടെ അനുരണനങ്ങൾ താണ്ടിയാണ് പ്രചാരണത്തിലേക്ക് പ്രവേശിച്ചത്. 'ഇറക്കുമതി സ്ഥാനാർഥി'യെച്ചൊല്ലി ഈ മണ്ഡലങ്ങളിൽ മാത്രമല്ല, ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിലും പ്രതിഷേധത്തിെൻറ അലയൊലിയുണ്ടായി.
പേമെൻറ് സീറ്റ് ആരോപണം നേരിടുന്ന മണ്ഡലങ്ങളും നേതാക്കളുമുണ്ട്. ഈ ക്ഷീണമെല്ലാം നീക്കും വിധത്തിൽ തലമുറ മാറ്റത്തിെൻറ നല്ല സന്ദേശം നൽകുന്ന നിരയുമാണ് കോൺഗ്രസ് മത്സരത്തിന് ഇറങ്ങിയത്. വടക്കാഞ്ചേരിയിൽ സിറ്റിങ് എം.എൽ.എ അനിൽ അക്കരയും തൃശൂരിൽ കഴിഞ്ഞതവണ തോറ്റ പത്മജ വേണുഗോപാലുമൊഴികെ എല്ലാവരും പുതുമുഖങ്ങൾ. ഘടക കക്ഷികൾക്കുള്ള രണ്ട് സീറ്റിൽ 'മോസ്റ്റ് സീനിയർ' നേതാക്കളാണ് മത്സരിക്കുന്നത്. മുസ്ലിം ലീഗ് മത്സരിക്കുന്ന ഗുരുവായൂരിൽ കെ.എൻ.എ. ഖാദറും കേരള കോൺഗ്രസ്-ജോസഫ് പക്ഷം മത്സരിക്കുന്ന ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടനും.
ലോക്സഭ തെരഞ്ഞെടുപ്പിലെ അമ്പരപ്പിക്കുന്ന തോൽവിക്കുശേഷം തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ നേട്ടത്തിെൻറ ആത്മവിശ്വാസമാണ് ഇടതുമുന്നണിയുടെ ആസ്തി. ഏഴ് സീറ്റിൽ സി.പി.എമ്മും അഞ്ചിടത്ത് സി.പി.ഐയും ഒരു സീറ്റിൽ കേരള കോൺഗ്രസ്-ജോസ് പക്ഷവുമാണ് മത്സരിക്കുന്നത്. പിണറായി മന്ത്രിസഭയിലെ സ്റ്റാർ മന്ത്രിമാരായ സി. രവീന്ദ്രനാഥിനെയും വി.എസ്. സുനിൽകുമാറിനെയും മാറ്റി പുതിയ പരീക്ഷണങ്ങൾക്ക് മുതിരുന്നതിനൊപ്പം എ.സി. മൊയ്തീനെന്ന സീനിയർ നേതാവും പൊതുരംഗത്ത് പയറ്റിത്തെളിഞ്ഞവരുമുണ്ട്.
സിറ്റിങ് എം.എൽ.എമാരെ മാറ്റിയ ചേലക്കരയിൽ കെ. രാധാകൃഷ്ണനെ വീണ്ടും കളത്തിൽ ഇറക്കിയപ്പോൾ ഗുരുവായൂരിലും പുതുക്കാട്ടും ഇരിങ്ങാലക്കുടയിലും 'പഴയ/പുതിയ' സ്ഥാനാർഥികളെ രംഗത്തിറക്കി. ജോസ് പക്ഷത്തിന് നൽകിയ ചാലക്കുടിയിൽ കോൺഗ്രസ് വിട്ടുവന്ന ഡെന്നീസ് ആൻറണിയെയാണ് പരീക്ഷിക്കുന്നത്. ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദത്തിെൻറ പ്രഭവ കേന്ദ്രമായ വടക്കാഞ്ചേരിയിൽ അനിൽ അക്കരയെ അതേ നാണയത്തിൽ നേരിടാൻ ശ്രമിക്കുന്നതിനൊപ്പം ഇരിങ്ങാലക്കുടയിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ മത്സരിപ്പിച്ച് ജില്ലയിൽ മുന്നണിയുടെ ഏക വനിത മത്സരിക്കുന്ന മണ്ഡലമെന്ന ശ്രദ്ധാകേന്ദ്രമാക്കി.
എല്ലാവരെയും സന്തോഷിപ്പിച്ചല്ല ഇടതു സ്ഥാനാർഥി നിർണയവും പൂർത്തിയായത്. ചേലക്കരയിൽ യു.ആർ. പ്രദീപിനെ പിൻവലിച്ചത് മണ്ഡലത്തിൽ പലർക്കും ദഹിച്ചില്ല. സി.പി.ഐയുടെ നാട്ടികയിൽ നിയോജക മണ്ഡലം കൺവെൻഷൻ കഴിഞ്ഞ ശേഷമാണ് സിറ്റിങ് എം.എൽ.എക്ക് പകരം സി.സി. മുകുന്ദനെ പ്രഖ്യാപിച്ചത്. അഞ്ച് സീറ്റുള്ള സി.പി.ഐ മൂന്നിടത്തും സിറ്റിങ് എം.എൽ.എമാരെ നിലനിർത്തി.
'സ്റ്റാർ വാർ' ആണ് ഇത്തവണയും ബി.ജെ.പിയുടെ തുറുപ്പു ചീട്ട്. പാർട്ടിയുടെ 'ക്ലാസ്' മണ്ഡലമായ തൃശൂരിൽ സുരേഷ് ഗോപി അവതരിച്ചുകഴിഞ്ഞു. പാർട്ടി ശക്തമായ മത്സരം കാഴ്ചവെക്കുന്ന മറ്റൊരു മണ്ഡലം പുതുക്കാടാണ്. കൊടുങ്ങല്ലൂരിലും വേരോട്ടമുണ്ട്.
ശബരിമലയും വികസനവും സ്വർണക്കടത്തും പി.എസ്.സി നിയമനവും ഉൾപ്പെടെ എല്ലാം പൊതുവായ പ്രചാരണായുധങ്ങളാണ്. ഒപ്പം പ്രാദേശികമായ ചില 'ഉപരിപ്ലവ' വിഷയങ്ങളും. മുന്നണി സ്ഥാനാർഥികളുടെ പ്രചാരണത്തിന് ആദ്യമെത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ശനിയാഴ്ച ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി അഞ്ച് കേന്ദ്രങ്ങളിൽ പൊതുയോഗത്തിൽ പങ്കെടുക്കും. മറ്റു നേതാക്കളുടെ കാര്യപരിപാടികൾ തയാറാവുന്നതേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.