പാമ്പുകടിയേറ്റാൽ വിളിക്കേണ്ടത് 108 ൽ; ആന്റി വെനം ഉറപ്പാക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കനിവ് 108 ആംബുലന്‍സിലുള്ള പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാനാകും. പാമ്പുകടിയേറ്റാല്‍ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതാണ്. അതിനാല്‍ ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളില്‍ പോയി സമയം കളയരുത്. നിലവില്‍ 146 ആശുപത്രികളില്‍ ആന്റിവെനം ലഭ്യമാണ്. ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റി സ്നേക്ക് വെനം ലഭ്യമാണ്. അവിടെ ആന്റി സ്‌നേക്ക് വെനം സ്റ്റോക്കുണ്ടോ എന്ന് ഉറപ്പാക്കിയായിരിക്കും ആശുപത്രിയിലെത്തിക്കുക. മാത്രമല്ല പാമ്പുകടിയേറ്റ് വരുന്ന വിവരം ആശുപത്രിയേയും അറിയിക്കാനാകും. ആവശ്യമായവര്‍ 108 എന്ന നമ്പരില്‍ വിളിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ ജില്ലകളുടെ യോഗം കൂടി സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. പാമ്പുകടിയേറ്റ് വരുന്നവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ആരോഗ്യ വകുപ്പ് ആന്റി സ്‌നേക്ക് വെനം ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ് കനിവ് 108 ടീമിന് നല്‍കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളും ലാബ് പരിശോധനകളും അടിസ്ഥാനമാക്കി പ്രോട്ടോകോള്‍ പ്രകാരമാണ് ആന്റി സ്‌നേക്ക് വെനം നല്‍കുന്നത്. എല്ലാ ആശുപത്രികളും പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാഹനം വരുന്നത് വരെ പാമ്പുകടിയേറ്റയാള്‍ 108 ടീമിന്റെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കുക. പാമ്പുകടിയേറ്റയാളെ ശാന്തനാക്കുക. ഭീതി ഉണ്ടാക്കിയാല്‍ രക്തത്തിലൂടെ വിഷം പെട്ടെന്ന് പടരും. അനാവശ്യ ചലനം ഒഴിവാക്കുക. കടിയേറ്റ ഭാഗം അനക്കാതിരിക്കുക. പ്രത്യേകിച്ചും കടിയേറ്റ വ്യക്തിയെ ഓടാനോ നടക്കാനോ അനുവദിക്കാതെ എടുത്തോ, സ്ട്രച്ചറില്‍ കിടത്തിയോ ആശുപത്രിയില്‍ എത്തിക്കുക. മുറിവ് ഒരിക്കലും അമിതമായി മുറുക്കിക്കെട്ടരുത്. എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുകയാണ് പ്രധാനം.

Tags:    
News Summary - Snakebite Emergency in Kerala: Call 108 for Guaranteed Anti-Venom Treatment, says Health Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.