ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച രണ്ടുപേർ മരിച്ച സംഭവം, ഭക്ഷ്യവിഷ ബാധയല്ലെന്ന് രാസപരിശോധന റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞം ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച രണ്ടുപേർ മരിച്ച സംഭവത്തിൽ രാസ പരിശോധന റിപ്പോർട്ട് പുറത്ത്. ഭക്ഷ്യവിഷ ബാധയേറ്റല്ല മരണമെന്ന രാസപരിശോധന റിപ്പോർട്ടാണ് പുറത്തുവന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഭക്ഷ്യവിഷ ബാധ കണ്ടെത്തിയിട്ടില്ല. കുടുംബത്തിൽ എല്ലാവരും മീൻ മുട്ടയാണ് കഴിച്ചത്.

ഹോട്ടലിലെ അവശേഷിച്ച ഭക്ഷ്യ വസ്തുക്കളും വെള്ളത്തിലും അധികൃതർ പരിശോധന നടത്തി. ഇവയിലൊന്നും ഭക്ഷ്യവിഷബാധക്ക് കാരണമായ ബാക്റ്റീരിയ കണ്ടെത്താൻ സാധിച്ചിട്ടില്ല. മീൻ വാങ്ങിയ തമിഴ്നാട്ടിലെ മാർക്കറ്റിലെ സാമ്പിളും പരിശോധിച്ചു. സംശയിക്കുന്ന ഒന്നും കണ്ടെത്താനായില്ല. മീൻ മുട്ടയിലെ മറൈൻ ടോക്സിൻ ആകാം മരണത്തിലേക്ക് നയിച്ച കാരണം. പാളയം ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച വിഷ ബാധയേറ്റ രോഗിയിലും സമാന ലക്ഷണമുണ്ട്. മറൈൻ ടോക്സിൻ കണ്ടെത്താനുള്ള പരിശോധന സംവിധാനം നിലവിൽ പരിശോധന നടത്തിയ കെമിക്കൽ ലാബിലില്ല.

ഫെബ്രുവരി 16 നാണ് ചടയമംഗലം സ്വദേശികൾ വിഴിഞ്ഞം അസ്മാക്ക് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുകയും രണ്ടു പേർ മരണപ്പെടുകയും ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തിൽ അസ്മാക്ക് ഹോട്ടൽ പൂട്ടിയിരുന്നു. ചടയമംഗലം പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സാമ്പിളുകൾ പരിശോധനക്ക് അയച്ചത്. അതേസമയം, കുടുംബം കഴിച്ച മറ്റു ഭക്ഷ്യ വസ്തുക്കളുടെ സാമ്പിൾ കിട്ടിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഹോട്ടൽ തുറക്കാൻ അനുമതി നൽകിയത്.

Tags:    
News Summary - Two people died after eating at a hotel, chemical test report says it was not food poisoning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.