ഇരിങ്ങാലക്കുട: പൊലീസ് സേനക്ക് അപമാനം വരുത്തുന്നവർ പുറത്തുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. അത്തരക്കാർക്ക് ഒരുനിലക്കും സംരക്ഷണം കിട്ടില്ല. പൊതുസമൂഹത്തിന് ഹിതകരമല്ലാത്ത എന്ത് ചെയ്താലും സർവിസിൽ തുടരാമെന്ന ധാരണ വേണ്ട. സേനയുടെ പ്രവർത്തനങ്ങൾ നിഷ്പക്ഷമായും സ്വതന്ത്രമായും നിർവഹിക്കുന്ന കാര്യത്തിൽ ബാഹ്യഇടപെടലുകൾ തടസ്സമാകരുതെന്നും അദ്ദേഹം പറഞ്ഞു.
ഇരിങ്ങാലക്കുടയിൽ തൃശൂർ റൂറൽ ജില്ല പൊലീസ് ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർധിക്കുന്ന സൈബർ ആക്രമണത്തിനെതിരെ കർശനനടപടി ഉണ്ടാകണം. സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തിൽ മുന്തിയ പരിഗണന നൽകണം. ആകസ്മിക സംഭവങ്ങൾ നേരിടാൻ സേന പ്രാപ്തമാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സമർഥവും ശാസ്ത്രീയപരവുമായി കേസുകൾ തെളിയിക്കാൻ കഴിയുന്ന പൊലീസാണ് കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. 2021ൽ മികച്ച പൊലീസ് സ്റ്റേഷനായി തെരഞ്ഞെടുത്ത കൊരട്ടി സ്റ്റേഷനുള്ള പുരസ്കാരം സമർപ്പിച്ചു. റവന്യൂ മന്ത്രി കെ. രാജൻ മുഖ്യപ്രഭാഷണം നടത്തി. എം.പിമാരായ ടി.എൻ. പ്രതാപൻ, ബെന്നി ബഹനാൻ, എം.എൽ.എമാരായ കെ.കെ. രാമചന്ദ്രൻ, ഇ.ടി. ടൈസൺ മാസ്റ്റർ, വി.ആർ. സുനിൽകുമാർ, സനീഷ് കുമാർ ജോസഫ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി, വാർഡ് കൗൺസിലർ എം.ആർ. ഷാജു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.