കേരളത്തെ അപമാനിച്ച യോഗി ആദിത്യനാഥിന് പ്രിയങ്കയുടെ മറുപടി ഇങ്ങനെ

കേരളത്തെ അപമാനിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ശക്തമായ മറുപടിയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സ്വന്തം പരാജയം മറക്കാനാണ് യോഗി ആദിത്യനാഥ് ശ്രമിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. 

എന്ത് അടിസ്ഥാനമാക്കിയാണ് ‍യോഗി ആദിത്യനാഥ് ഇത്തരത്തിൽ പ്രസ്താവന നടത്തിയതെന്ന് അറിയില്ല. വിദ്യാഭ്യാസത്തിൽ അടക്കം കേരളം മുന്‍പന്തിയിലെത്തിയതാണോ കുറ്റമെന്നും പ്രിയങ്ക ചോദിച്ചു. സംസ്ഥാനങ്ങളായല്ല മറിച്ച് രാജ്യത്തെ ഒന്നായാണ് കാണേണ്ടതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

എണ്ണവില, തൊഴിലില്ലായ്മ, സ്ത്രീ സുരക്ഷ തുടങ്ങി ജനങ്ങൾ പല തരത്തിലുള്ള പ്രശ്നങ്ങളാണ് അഭിമുഖീകരിക്കുന്നത്. സ്ത്രീകൾ മുഖ്യധാരയിലേക്ക് വരേണ്ടതും രാഷ്ട്രീയത്തിൽ വനിതകളുടെ പങ്കാളിത്തം ഉയരേണ്ടതും ആവശ്യമാണെന്നും പ്രിയങ്ക പറഞ്ഞു.

മതത്തെ ഉപയോഗിച്ച് യു.പി മുഖ്യമന്ത്രി ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ഉത്തർപ്രദേശിൽ കോൺഗ്രസ് തിരിച്ചു വരുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. 

യു.പിയിലെ ജനങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ സംസ്ഥാനം കേരളമോ കശ്മീരോ ബംഗാളോ ആയി മാറുമെന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ വിവാദ പ്രസ്താവന. അഞ്ച് വർഷത്തിനുള്ളിൽ ഒരുപാട് അത്ഭുതകരമായ കാര്യങ്ങൾ സംഭവിച്ചെന്നും നിങ്ങൾക്ക് തെറ്റുപറ്റിയാൽ അഞ്ച് വർഷത്തെ അധ്വാനം നശിച്ചു പോകുമെന്നും അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഉത്തർപ്രദേശിന് കേരളമോ, കാശ്മീരോ, ബംഗാളോ ആയി മാറാൻ കൂടുതൽ സമയം വേണ്ടി വരില്ലെന്നും യോഗി പറഞ്ഞു.

അഞ്ച് വർഷത്തെ എന്‍റെ പ്രയത്നത്തിന് നിങ്ങളുടെ വോട്ട് അനുഗ്രഹമാണെന്നും നിങ്ങളുടെ വോട്ടുകൾ ഭയരഹിതമായ ജീവിതത്തിന്‍റെ ഉറപ്പ് കൂടിയാണെന്നും ഇതൊരു വലിയ തീരുമാനത്തിനുള്ള സമയമാണെന്നും യോഗി വ്യക്തമാക്കിയിരുന്നു.

യു.പി മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ നടത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.