മീൻ പിടിക്കുമ്പോൾ വിരലിൽ തുളഞ്ഞ് കയറി ചൂണ്ട; സർജറി ചെയ്യണമെന്ന് ആശുപത്രി അധികൃതർ, സിമ്പിളായി ഊരിയെടുത്ത് അഗ്നിരക്ഷാ സേന

തിരുവല്ല: മീൻ പിടിക്കുന്നതിനിടെ യുവാവിന്‍റെ വിരലിൽ ചൂണ്ട തുളഞ്ഞ് കയറി പരിക്കേറ്റു. പുറമറ്റം നല്ലകുന്നേൽ വീട്ടിൽ സനുവിനാണ് (29) പരിക്കേറ്റത്. സർജറി ചെയ്യാൻ താലൂക്ക് ആശുപത്രിയിൽനിന്ന് നിർദേശിച്ചെങ്കിലും തിരുവല്ല അഗ്നിരക്ഷാ സേന സിമ്പിളായി ചൂണ്ട ഊരിയെടുക്കുകയായിരുന്നു.

കല്ലുപ്പാറ ഇരുമ്പ് പാലത്തിന് സമീപം ന്യൂജെൻ ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുകയായിരുന്നു സനു. ഇതിനിടെ ചൂണ്ട വിരലിൽ തുളഞ്ഞു കയറി. സുഹൃത്തുക്കൾ ചേർന്ന് സനുവിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

സർജറി ചെയ്ത് ചൂണ്ട നീക്കേണ്ടിവരുമെന്നാണ് താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചത്. ഇതിനായി മെഡിക്കൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇതിനിടെ കൂടെ എത്തിയ സുഹൃത്ത് സനുവിനെ തിരുവല്ലയിലെ അഗ്നി രക്ഷാ നിലയത്തിൽ എത്തിക്കുകയായിരുന്നു.

സേനാംഗങ്ങൾ ഷിയേഴ്‌സ് എന്ന ഉപകരണം ഉപയോഗിച്ച് വിരലിൽനിന്നും ചൂണ്ട നീക്കി. ശേഷം പ്രാഥമിക ചികിത്സക്ക് താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സതീഷ് കുമാർ, ഓഫീസർമാരായ സൂരജ് മുരളി, ശിവപ്രസാദ്, രാഹുൽ, സജിമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

Tags:    
News Summary - Thiruvalla fire and rescue remove fishing rod from finger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.