വാൽപാറ ദുരന്തത്തില്‍പ്പെട്ടവരുടെ ഭൗതികശരീരവുമായുള്ള ആംബുലന്‍സുകള്‍ അന്ത്യോപചാരമര്‍പ്പിക്കാൻ കാത്തുനില്‍ക്കുന്നവര്‍ക്കിടയിലൂടെ പാങ്ങ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എത്തിയപ്പോള്‍
പൊള്ളാച്ചി: ഉറ്റവരുടെ വേർപാടിൽ വിറങ്ങലിച്ചു നിന്നവർക്ക് മുന്നിൽ കരുതലിന്റെ വലിയൊരു മാതൃക തീർക്കുകയായിരുന്നു പൊള്ളാച്ചി നഗരം. വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട മലയാളികൾക്കായി നഗരം വെള്ളിയാഴ്ച രാത്രി ഉറങ്ങിയില്ല. നടപടിക്രമങ്ങളുടെ നൂലാമാലകളിൽ കുരുങ്ങാതെ മിന്നൽവേഗത്തിലാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയത്. പ്രിയപ്പെട്ടവരുടെ മരണാനന്തര ചടങ്ങുകൾക്കായി കാത്തുനിൽക്കുന്ന ഓരോ നിമിഷവും ബന്ധുക്കൾക്കെന്നപോലെ നാടിനാകെയും വേദനാജനകമായ അനുഭവമാണ്.
അതറിയുന്ന പൊള്ളാച്ചിയിലെ ഭരണകൂടവും ആരോഗ്യപ്രവർത്തകരും ഒരു നിമിഷംപോലും പാഴാക്കിയില്ല. ദുരന്തമുണ്ടായത് സന്ധ്യയോടെയാണ്. പരിക്കേറ്റവരെയും മരിച്ചവരെയും പൊള്ളാച്ചി താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോൾ സമയം ഏഴുമണി. ശനിയാഴ്ച പുലരും മുമ്പേതന്നെ ഒമ്പത് പേരുടെ മൃതദേഹം വഹിച്ച് ആംബുലൻസുകൾ പൊള്ളാച്ചിയിൽനിന്ന് പുറപ്പെട്ടു.
പൊള്ളാച്ചിയിലേത് താലൂക്ക് ആശുപത്രി മാത്രമാണ്. അതിന്റെ പരിമിതികളെല്ലാമുണ്ട്. അതെല്ലാം മറികടന്നാണ് സാധാരണഗതിയിൽ വൈകാൻ സാധ്യതയുള്ള ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ ഒറ്റരാത്രികൊണ്ട് പൂർത്തിയാക്കിയത്. മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരുമൊക്കെ വിവരമറിഞ്ഞ് ഇവിടെ കുതിച്ചെത്തുമ്പോൾ സ്വാഭാവികമായും രാത്രി വൈകിയിരുന്നു. എന്നാൽ, ബന്ധുക്കളെത്തുംമുമ്പ് എന്തിനും തയാറായി പ്രദേശത്തെ സന്നദ്ധപ്രവർത്തകർ അവിടെയുണ്ടായിരുന്നു.
ആശുപത്രിയിൽ നേരിട്ടെത്തിയ ജില്ല കലക്ടറും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും പോസ്റ്റ്മോർട്ടം നടപടികൾ രാത്രിതന്നെ പൂർത്തിയാക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. ബന്ധുക്കൾ എത്തുന്നതിന് മുമ്പ് ആംബുലൻസുകളും രേഖകളും തയാറാക്കി. അതിനായി കൂടുതൽ ഡോക്ടർമാരെ വിളിച്ചുവരുത്തി. കേരള, തമിഴ്നാട് ഭരണനേതൃത്വങ്ങളുടെ ഇടപെടൽ കാര്യങ്ങൾ മിന്നൽ വേഗത്തിലാക്കി.
പാലക്കാടൻ അതിർത്തിക്കപ്പുറം കേരളത്തോട് ചേർന്നുള്ള കാർഷിക ഗ്രാമമായ പൊള്ളാച്ചി ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങിയ നിരവധി മലയാളി സിനിമകളുടെ ലൊക്കേഷനാണ്. വെള്ളിത്തിരയിൽ പലകുറി കണ്ട പൊള്ളാച്ചിയുടെ ഗ്രാമീണഭംഗി മലയാളി മനസ്സിൽ ഗൃഹാതുര ഓർമയാണ്. വലിയൊരു ദുരന്ത നിമിഷത്തിൽ പൊള്ളാച്ചി മലയാളികളെ ചേർത്തുപിടിച്ച രാത്രി പിന്നിടുമ്പോൾ മലയാളി മനസ്സിൽ പൊള്ളാച്ചിയുടെ സൗന്ദര്യത്തിന് തിളക്കമേറി.
പാങ്ങ് (മലപ്പുറം): തന്റെ കൂടെ ജോലി ചെയ്തിരുന്നവരുടെ ചേതനയറ്റ ശരീരം കാണാൻ വിങ്ങലോടെ ഓടിയെത്തി പാങ്ങ് ജി.എൽ.പി സ്കൂൾ മുൻ പ്രധാനധ്യാപിക എൻ.പി. ഗ്രേസി മോൾ. വെള്ളിയാഴ്ച സംഭവം അറിഞ്ഞത് മുതൽ പെരിന്തൽമണ്ണ ജൂബിലി റോഡിലെ വീട്ടിൽ ഇരിപ്പുറക്കാനാതെ ഗ്രേസി ടീച്ചർ കുഴങ്ങി. സങ്കടം സഹിക്ക വയ്യാതെ മക്കളോടും ബന്ധുക്കളോടും സൃഹൃത്തുക്കളോടുമെല്ലാം തന്റെ ഹൃദയവേദന പങ്കുവെച്ചു.
ശനിയാഴ്ച രാവിലെയോടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് എത്തിക്കുന്നുമെന്ന് അറിഞ്ഞതോടെ കുടുംബവുമൊത്ത് പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെത്തി. ഭർത്താവ് പെരിന്തൽമണ്ണ സി.എസ്.ഐ പള്ളിയിലെ ഫാ. വിക്ടറിനൊപ്പം വൻ ജനാവലിക്കിടയിലുടെ മുൻ സഹപ്രവർത്തകരെ ടീച്ചർ ഒരു നോക്ക് കണ്ട് അന്ത്യാഞ്ജലി അർപ്പിച്ചു.
2024ലാണ് ഗ്രേസി ടീച്ചർ സ്കൂളിൽനിന്ന് വിരമിച്ചത്. സ്കൂളിലെ എല്ലാവരോടും ഇവർ മികച്ച ബന്ധം പുലർത്തിയിരുന്നു. വിരമിച്ചെങ്കിലും രണ്ട് മാസത്തിൽ ഒരിക്കലെങ്കിലും ടീച്ചർ സ്കൂൾ സന്ദർശിക്കുക പതിവാണ്. ഏപ്രിൽ നാലിന് നടന്ന സ്കൂളിന്റെ 107-ാം വാർഷികത്തിലും ടീച്ചർ പങ്കാളിയായിരുന്നു.
തന്റെ മുൻ സഹപ്രവർത്തകർ ആത്മാർഥതയോടെ പ്രവർത്തിച്ചിരുന്നതിനാൽ പ്രധാനധ്യാപിക എന്ന നിലയിൽ തന്റെ ജോലി എളുപ്പമായിരുന്നെന്ന് ടീച്ചർ ഓർമിച്ചു. വിനോദയാത്രക്ക് തന്നെയും ക്ഷണിച്ചിരുന്നെന്നും എന്നാൽ കടുത്ത പനിയായത് കാരണം സംഘത്തിനൊപ്പം പോകാൻ കഴിഞ്ഞില്ലെന്നും ടീച്ചർ നിറകണ്ണുകളോടെ വ്യക്തമാക്കി.
നിറകണ്ണുകളോടെ ദുഃഖം പങ്കുവെക്കുന്ന ഗ്രേസി ടീച്ചർ
മലപ്പുറം: പള്ളിപ്പറമ്പ് സ്കൂളിൽ സാജിത കൈപുണ്യത്തിനൊപ്പം സ്നേഹവും ചാലിച്ച് വിളമ്പുന്ന ചോറിനും കഞ്ഞിക്കും രുചിയേറെയായിരുന്നു. തന്റെ വീട്ടിലെ ഭക്ഷണത്തിന് രുചി അൽപം കുറഞ്ഞാലും സ്കൂളിലെ ചോറിലും കറിയിലും ഒരു വിട്ടുവീഴ്ചക്കും അവർ തയാറായിരുന്നില്ല. സാജിതയുടെ വേർപാട് സ്കൂളിലെ വിദ്യാർഥികളെ മാത്രമല്ല, പൂർവ വിദ്യാർഥികളെയും നാടിനെയാകെയും കണ്ണീരിലാഴ്ത്തി. ഇവരെക്കുറിച്ച് ഓർക്കുമ്പോൾ സ്കൂളിൽനിന്ന് കഴിച്ച സ്വാദിഷ്ടമായ ഭക്ഷണത്തിന്റെ ഓർമകളാണ് ഏവരിലും നിറയുന്നത്.
10 വർഷം മുമ്പ് വരെ സാജിതയുടെ ഉമ്മ കദീക്കുട്ടിയായിരുന്നു സ്കൂളിലെ പാചകത്തൊഴിലാളി. ഉമ്മയുടെ സഹായിയായി വന്നത് മുതലാണ് സാജിതയും സ്കൂളും തമ്മിലെ ബന്ധം തുടങ്ങുന്നത്. പിന്നീട് പ്രായാധാക്യം മൂലം ഉമ്മക്ക് ജോലി ചെയ്യാൻ കഴിയാതെ വന്നതോടെയാണ് സാജിത ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. ഉമ്മയെപ്പോലെ പള്ളിപ്പറമ്പ് സ്കൂളാണ് സാജിതക്ക് എല്ലാം. അവിടുത്തെ അധ്യാപകരെല്ലാം അവരുടെ സുഹൃത്തുക്കളായിരുന്നു.
പ്രായമായ ഉമ്മയും മകൻ ഷഹദിനും അടങ്ങുന്ന കുടുംബത്തെ മുന്നോട്ടു നയിച്ചത് സാജിതയായിരുന്നു. പ്രതികൂല സാഹചര്യങ്ങൾ മൂലം പാതിവഴിയിൽ നിർത്തേണ്ടി വന്ന സ്കൂൾ വിദ്യാഭ്യാസം പിന്നീട് പൂർത്തിയാക്കിയത് സാജിതയുടെ നിശ്ചയദാർഢ്യം കൊണ്ട് മാത്രമാണ്. പത്താം തരവും പ്ലസ്ടുവും തുല്യത എഴുതി വിജയിക്കാൻ അവർക്കായി. സ്കൂളിലെ അധ്യാപകരുടെ പ്രോത്സാഹനവും പൊതുപ്രവർത്തകരുടെ പിന്തുണയും അവർക്ക് തുണയായിരുന്നു. വിനോദയാത്രയിൽ ഒപ്പമുണ്ടായിരുന്ന മകൻ ഷഹദിൻ പരിക്കുകളോടെ കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.