തിരുവനന്തപുരം: സ്ഥാനാർഥി പട്ടിക പുറത്തിറക്കിയതുമായി ബന്ധപ്പെട്ട് സി.പി.എമ്മിലെ അത്രയൊന്നും പ്രതിഷേധം കോൺഗ്രസിൽ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'ചെറുപ്പക്കാർക്ക് ഏറെ അവസരം നൽകിയ പട്ടികയാണ് കോൺഗ്രസിേന്റത്. ഒരു കാലഘട്ടത്തിലും ഇതുപോലെയൊരു മാറ്റം ഉണ്ടായിട്ടില്ല. രാഹുൽ ഗാന്ധിയുടെ ആഗ്രഹങ്ങളും കാഴ്ചപ്പാടുകളും പ്രതിഫലിപ്പിക്കുന്നതാണ് പട്ടിക.
ഈ ലിസ്റ്റിന്‍റെ മേന്മ കേരള രാഷ്ട്രീയത്തിൽ ചലനമുണ്ടാക്കും. ഗുണപരമായ മാറ്റങ്ങൾ വരും. യുവത്വം പ്രസരിപ്പിക്കുന്ന പട്ടികയാണിത്. ഇത് കോൺഗ്രസിന്‍റെ ദിശാമാറ്റത്തിന്‍റെ സൂചനയാണ്. നിരവധി പ്രഗൽഭരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
കോൺഗ്രസ് വലിയൊരു പാർട്ടിയാണ്. അതിനാൽ ഒരു മണ്ഡലത്തിൽ തന്നെ അർഹരായ മൂന്നും നാലും പേരുണ്ടാകും. അതിൽ ഒരാളെ മാത്രമോ മത്സരിപ്പിക്കാൻ കഴിയൂ. മറ്റുള്ളവർക്ക് പാർട്ടിയിൽ വിവിധ തലങ്ങളിൽ പ്രവർത്തിക്കാൻ അവസരം നൽകും.
മുതിർന്നയാളുകളുടെ സേവനം പാർട്ടി ഫലപ്രദമായി വിനിയോഗിക്കും. കൂടുതൽ കാലഘട്ടം മത്സരിച്ചു എന്നത് അയോഗ്യതയല്ല. അവരെയും ഉപയോഗപ്പെടുത്തും. അതാണ് ഹൈകമാൻഡിന്‍റെ നിർദേശം.
എവിടെയെങ്കിലൂം ചെറിയ തോതിൽ പ്രതിഷേധം ഉണ്ടായിട്ടുണ്ടെങ്കിൽ അെതല്ലാം താൽക്കാലികം മാത്രമാണ്. യു.ഡി.എഫിന്‍റെ പട്ടികയാണ് മികച്ചത്. അതിന്‍റെ പ്രാധാന്യം ജനങ്ങൾക്കും പ്രവർത്തകർക്കും ബോധ്യപ്പെടും. കേരളത്തിലെ അഴിമതി ഭരണത്തിനെതിരെ ഒരുമിച്ച് പോരാടേണ്ട സമയമാണിത്.
ബി.ജെ.പിയെ അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ല. കെ. മുരളീധരൻ നേമത്ത് മത്സരിക്കുന്നത് കൂട്ടായ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ്. സി.പി.എമ്മും ബി.ജെ.പിയും പലയിടത്തും ധാരണയിൽ എത്തിയിട്ടുണ്ട്. മലമ്പുഴയിൽ ആരാണ് സ്ഥാനാർഥിയെന്ന് ഇതുവരെ ആർക്കും മനസ്സിലായിട്ടില്ല. മഞ്ചേശ്വരത്തും ഈ കൂട്ടുകെട്ടുണ്ട്.
കോൺഗ്രസ് പട്ടികയിൽ പരമാവധി സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകാൻ ശ്രമിച്ചിരുന്നു. എന്നാൽ, പല പരിമിതികൾ ഉണ്ടായി. അതിനാൽ ഒമ്പതുപേർക്ക് മാത്രമേ നൽകാനായുള്ളൂ. വിജയസാധ്യത കൂടി കണക്കിലെടുത്താണ് പട്ടിക തയാറാക്കിയത്. മാർച്ച് 20ന് യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കും -രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.