കോഴിക്കോട് : സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്തത് 53,42,094 തൊഴിലന്വേഷകരെന്ന് മന്ത്രി എം.വി.ഗോവിൻ.'എന്റെ തൊഴിൽ, എന്റെ അഭിമാനം' ആദ്യഘട്ടം സർവേയിലെ വിവരശേഖരണമാണിത്. തൊഴിൽ അന്വേഷകരിൽ 58.3ശതമാനം സ്ത്രീകളും 41.5 ശതമാനം പുരുഷന്മാരുമാണ്. 3578 ട്രാൻസ്ജൻഡർ വിഭാഗത്തിൽ പെട്ടവരും പട്ടികയിലുണ്ട്.
കുടുംബശ്രീ വളണ്ടിയർമാർ 81,12,268 വീടുകളിലെത്തി വിവരങ്ങൾ തേടി. 79,647 കുടുംബശ്രീ പ്രവർത്തകരാണ് സർവേക്ക് നേതൃത്വം നൽകിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കാരണം മാറ്റിവെച്ച എറണാകുളത്തെ സർവേ വ്യാഴാഴ്ചയാണ് പൂർത്തിയായത്.
തൊഴിൽ അന്വേഷകരുടെ വിശദമായ പ്രൊഫെയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്ന ഘട്ടം ഉടൻ ആരംഭിക്കും. അധിക യോഗ്യതയും പ്രവർത്തി പരിചയവും ഉൾപ്പെടെയുള്ള വിവരങ്ങളാണ് ശേഖരിക്കുക. തൊഴിൽ സർവേയിൽ നിലവിൽ രജിസ്റ്റർ ചെയ്തവരുടെ അടുത്തെത്തി കുടുംബശ്രീ വളണ്ടിയർമാർ ഈ വിവരം തേടും.
40 വയസിൽ താഴെയുള്ള ബിരുദധാരികളായ തൊഴിൽ അന്വേഷകരുടെ വിവരം ജൂലൈ 31നകം പൂർണമായി അപ്ഡേറ്റ് ചെയ്യാനാണ് ആദ്യം ലക്ഷ്യമിടുന്നത്. അധിക യോഗ്യത, പ്രവർത്തി പരിചയം, അഭിരുചി, നൈപുണ്യം എന്നിവയോടൊപ്പം പ്രതീക്ഷിക്കുന്ന ശമ്പളവും രേഖപ്പെടുത്താൻ കഴിയുന്ന രീതിയിലാകും ആപ്പിന്റെ രൂപകൽപ്പന. ഡിജിറ്റൽ സർവകലാശാലയാണ് അപ്പ് തയാറാക്കുന്നത്.
തൊഴിൽദായകരെയും തൊഴിൽ അന്വേഷകരെയും ബന്ധിപ്പിക്കാനുള്ള പ്രധാന സങ്കേതമായി ആപ്പിനെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലുള്ള തൊഴിൽ അന്വേഷണ ആപ്പുകൾക്കുള്ള കേരളത്തിന്റെ ബദലാകാൻ ഈ സംവിധാനത്തിന് കഴിയും. സ്വകാര്യ കമ്പനികൾക്കും ജോലിക്കാരെ തേടാനുള്ള ഇടമായി ആപ്പിനെ മാറ്റാനാകണം എന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്.
രണ്ടാം ഘട്ടം വിവരശേഖരണത്തിന് വാർഡ് അടിസ്ഥാനത്തിൽ കുടുംബശ്രീ പ്രവർത്തകരെ നിയോഗിക്കും. ഒന്നാം ഘട്ട സർവേയിൽ നിയോഗിച്ച എന്യൂമറേറ്റർമാരിൽ ബിരുദധാരികൾ ആയവരെയാകും നിയോഗിക്കുക. ഇവർക്ക് ആവശ്യമായ പരിശീലനം ജൂലൈ നാലിന് ശേഷം നൽകുമെന്നും മന്ത്രി അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.