ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിടുന്ന അനോഷിന് ജഴ്സിയും ഫുട്ബാളും സമ്മാനിക്കുന്നു
ചാലക്കുടി (തൃശൂർ): പ്രിയപ്പെട്ട മെസ്സി ജഴ്സിയും ഫുട്ബാളും സമ്മാനമായി ഏറ്റുവാങ്ങി പൂർണ ആരോഗ്യവാനായി അനോഷ് ആശുപത്രി വിട്ടു. മരണത്തെ മുന്നിൽക്കണ്ട അനോഷ് 12 ദിവസത്തിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചിറങ്ങുമ്പോൾ കറുകുറ്റിയിലെ അപ്പോളോ അഡ് ലക്സ് ആശുപത്രി കവാടത്തിൽ മാതാപിതാക്കളും ബന്ധുമിത്രാദികളും ഡോക്ടർമാർ അടക്കമുള്ള ആശുപത്രി അധികൃതരും വികാരഭരിതരായി. കൊടകര കോടാലി സ്വദേശികളായ സിൽജോ-ജോൺസി ദമ്പതികളുടെ മകനായ അനോഷ്, സഹോദരൻ അൽജോ എന്നിവർ വീട്ടിനകത്ത് ഉറങ്ങിക്കിടക്കവെ പാമ്പുകടിയേറ്റ് ഏപ്രിൽ 18ന് പുലർച്ചയാണ് ആശുപത്രിയിലായത്.
ഭക്ഷണത്തിലെ അസ്വാഭാവികതയാണെന്നാണ് ആദ്യം തെറ്റിദ്ധരിച്ചത്. സഹോദരൻ അൽജോ മരിച്ചു. പിന്നീടാണ് കിടപ്പുമുറിയിൽനിന്ന് അതീവ വിഷമുള്ള വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെക്കുറിച്ച വിവരം ഉടൻ ആശുപത്രിയിൽ അറിയിക്കാൻ കഴിഞ്ഞത് ചികിത്സയിൽ നിർണായകമായി. അനോഷിനെയെങ്കിലും രക്ഷിക്കണമെന്ന ബന്ധുമിത്രാദികളുടെ വിലാപം ഡോക്ടർമാരുടെ ഹൃദയത്തെ സ്പർശിച്ചിരുന്നു. 15 അംഗ വിദഗ്ധ മെഡിക്കൽ ടീം കുട്ടിയുടെ ജീവൻ നിലനിർത്താനുള്ള തീവ്രശ്രമങ്ങൾ ആരംഭിച്ചു. ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം നിലച്ച സ്ഥിതിയിലായിരുന്ന കുട്ടിയെ വെന്റിലേറ്റർ, എക്മോ, ആന്റി സ്നേക് വെനം, ബ്രോങ്കോസ്കോപ്പി തുടങ്ങിയവയുടെ സഹായത്തോടെയാണ് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.
അപ്പോളോ ആശുപത്രിയിലെത്തും മുമ്പ് കുട്ടിയുടെ ശ്വാസനാളത്തിൽ മുറിവ് സംഭവിച്ചതായി ഡോക്ടർമാർ വ്യക്തമാക്കി. തുന്നിച്ചേർക്കുന്ന സങ്കീർണ ശസ്ത്രക്രിയ സുരക്ഷിതമാക്കാൻ അനോഷിനെ എക്മോ ചികിത്സക്കും വിധേയനാക്കി. മൂന്ന് ദിവസത്തിനുള്ളിൽ എക്മോ, വെന്റിലേറ്റർ സഹായങ്ങളിൽനിന്ന് മാറ്റാൻ സാധിച്ചു. തുടർന്ന് സാധാരണ നിലയിലേക്ക് മടങ്ങിയ അനോഷ് പരസഹായമില്ലാതെ ഭക്ഷണം കഴിക്കാനും നടക്കാനും ആരംഭിച്ചു. അനുജൻ നഷ്ടപ്പെട്ടതിന്‍റെ ഹൃദയവേദനയിലും ചുറ്റുമുള്ളവരെ നോക്കി പുഞ്ചിരിച്ചാണ് അനോഷ് ആശുപത്രിയിൽ നിന്ന് യാത്ര പറഞ്ഞത്. ഫുട്ബാൾ കമൻഡേറ്റർ ഷൈജു ദാമോദരൻ മെസ്സിയുടെ ചിത്രം ആലേഖനം ചെയ്ത ജേഴ്‌സിയും ഫുട്ബാളും അവന് സമ്മാനമായി നൽകി. ബെന്നി ബഹനാൻ എം.പി അടക്കമുള്ളവർ ആശുപത്രിയിൽ എത്തിയിരുന്നു.
വാർത്തസമ്മേളനത്തിൽ സി.ഇ.ഒ ഡോ. ആബേൽ ജോർജ്, ഓപറേഷൻസ് ഹെഡ് ഡോ. ദിൽഷാദ് തൊണ്ടിപ്പറമ്പിൽ, ഷൈജു ദാമോദരൻ എന്നിവരോടൊപ്പം അനോഷിന്റെ മാതാപിതാക്കളായ സിൽജോയും ജോൺസിയും പങ്കെടുത്തു. അനോഷിനെ ചികിത്സിച്ച ഡോക്ടർമാരും നഴ്സുമാരും ആശുപത്രി അധികൃതരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.