തിരുവനന്തപുരം: സസ്പെൻഷന് പിന്നാലെ സർക്കാറിനെതിരെ അതിരൂക്ഷ വിമർശനവുമായി സൈനിക ക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി. അശോക്. സർവിസ് ചട്ടങ്ങൾ ലംഘിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരിൽ അച്ചടക്ക നടപടിക്ക് വിധേയനായ ഡോ. ബി. അശോക് സർക്കാർ നടപടികളെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നു. ഏപ്രിൽ ഒമ്പതിന് ജനം പുറത്താക്കിയ സർക്കാറാണ് തന്നെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ ഉത്തരവിൽ നടപടിയുടെ കാരണം വ്യക്തമല്ല. അതിനാൽ, കോടതിയിൽ പോകുന്നില്ല. പുതിയ സർക്കാർ സ്വാഭാവികമായും തീരുമാനം പുന:പരിശോധിക്കും. നാണംകെട്ട പരാജയത്തിന്റെ ബാക്കിയാണ് ഈ സസ്പെൻഷൻ -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ ലേഖനത്തിൽ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ കണ്ടെത്തിയിട്ടുണ്ട്. ഫാഷിസ്റ്റ് പ്രവണത എന്തെന്ന് ഇപ്പോൾ തെളിഞ്ഞു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം മന്ത്രിസഭയിലെ രണ്ടാമനെ പോലെയാണ് പെരുമാറുന്നത്. ധനവകുപ്പിനെ മറികടന്ന് കാബിനറ്റ് പദവി ദുരുപയോഗിച്ച് ഇടപെടൽ നടത്തുകയാണ്. ഭരണഘടനാ ബാഹ്യമായ അധികാര കേന്ദ്രമായി എബ്രഹാം മാറി. ഇല്ലാത്ത പദവി സൃഷ്ടിച്ചാണ് കെ.എം. എബ്രഹാമിനെ അവരോധിച്ചത്. ചീഫ് സെക്രട്ടറിയെ പോലും ഭരിക്കുന്ന സ്ഥിതിവന്നു. ഉദ്യോഗസ്ഥതലത്തിൽ അധികാരത്തിന്റെ പുതിയ തലം ഉണ്ടാക്കി. സിവിൽ സർവിസ് ഏകോപനം താളം തെറ്റി. എല്ലാ തലങ്ങളിലും കെടുകാര്യസ്ഥതയായി.
വയനാട് പുനരധിവാസത്തിലും ക്രമവിരുദ്ധ ഇടപെടലുണ്ടായി. ഒരുവർഷം ഒന്നും ചെയ്തില്ല. മാധ്യമങ്ങൾ കടന്നാക്രമണം തുടങ്ങിയപ്പോൾ പിരിഞ്ഞുകിട്ടിയ 745കോടിയിൽ നിർമാണം തുടങ്ങാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ ഞാൻ രണ്ട് ചോദ്യങ്ങൾ ഉന്നയിച്ചു. 745 കോടിയിൽ 300 കോടിയുടെ പ്രൊജക്ട് നൽകുമ്പോൾ ടെണ്ടർ വേണ്ടതല്ലേ?, കൺസൾട്ടന്റായ കിഫ്കോൺ ഒരു അക്രഡിറ്റഡ് ഏജൻസി ആണോ? അവരുടെ മുൻപരിചയം എന്താണ്?. അത് പിന്നീട് ചർച്ച ചെയ്യാമെന്ന് പറഞ്ഞ് ചീഫ് സെക്രട്ടറി യോഗം പിരിച്ചുവിട്ടു. അടുത്തയാഴ്ച തന്നെ തദ്ദേശഭരണ കമീഷണറാക്കി മാറ്റി. ഐ.എ.എസുകാർ അടിമകളല്ല. ചോദ്യങ്ങൾ ഇല്ലാത്ത കുറെ അടിമകളെ സൃഷ്ടിക്കാനുള്ള ശ്രമമാണ് രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് നടന്നത്- അദ്ദേഹം പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.