കൊച്ചി: കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽനിന്ന് പിടിച്ചത് 35.7 ലക്ഷം ടൺ സമുദ്ര മത്സ്യം. മുൻവർഷത്തെക്കാൾ ഇന്ത്യയിലാകെ മൂന്നു ശതമാനത്തിന്റെ വർധനയുണ്ടായതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) റിപ്പോർട്ട്. രാജ്യത്ത് ഏറ്റവുമധികം മത്സ്യം പിടിച്ചത് തമിഴ്നാടാണ്: 6.85 ലക്ഷം ടൺ.
കേരളത്തിൽ മത്തിയുടെ ലഭ്യത 13 ശതമാനം കൂടി. 1.68 ലക്ഷം ടണ്ണുമായി സംസ്ഥാനത്ത് ഏറ്റവുമധികം പിടിച്ച മത്സ്യവും മത്തിയാണ്. 2013ന് ശേഷമുള്ള ഏറ്റവും വലിയ ലഭ്യതയാണിത്. കേരളത്തിലെ ആകെ സമുദ്രമത്സ്യ ലഭ്യത 6.24 ലക്ഷം ടണ്ണാണ്. മത്തി കഴിഞ്ഞാൽ, അയല (62,269 ടൺ), കൊഴുവ (43,917), കിളിമീൻ (43,184), ചെമ്മീൻ (40,443) എന്നിവയാണ് കേരളത്തിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യയിനങ്ങൾ.
ശക്തമായ മഴയും ചരക്കു കപ്പൽ അപകടവും കാരണം മെയ്, ജൂൺ മാസങ്ങളിൽ തെക്കൻ ജില്ലകളിൽ മത്സ്യബന്ധന ദിവസത്തിൽ കുറവുണ്ടായി. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ മീൻ ലഭിച്ചത്. കൊല്ലം, കോഴിക്കോട് ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
രാജ്യത്താകെ അയലയാണ് ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യം (2.70 ലക്ഷം ടൺ). സമുദ്ര മത്സ്യോൽപാദനത്തിൽ കർണാടകയിൽ 44 ശതമാനവും മഹാരാഷ്ട്രയിൽ 18 ശതമാനവും വർധന രേഖപ്പെടുത്തി. അനുകൂലമായ പാരിസ്ഥിതിക ഘടകങ്ങളാണ് മത്തി പോലുള്ള ചെറിയ മീനുകൾക്ക് ഗുണകരമായതെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. സമുദ്രമത്സ്യ മേഖലയിൽ നിന്നുള്ള വരുമാനത്തിലും വർധനയുണ്ടായി. വിപണന കാര്യക്ഷമതയിൽ കേരളം രാജ്യത്ത് ഒന്നാമതാണ് (72.83 ശതമാനം).
വാർത്തസമ്മേളനത്തിൽ വിവിധ ഗവേഷണ വിഭാഗം മേധാവികളായ ഡോ. ജെ. ജയശങ്കർ, ഡോ. ശോഭ ജോ കിഴക്കൂടൻ, ഡോ. കെ.എസ്. ശോഭന, ഡോ. ജോസ്ലീൻ ജോസ്, ഡോ. വി.വി.ആർ. സുരേഷ്, ഡോ. കൃപേഷ് ശർമ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.