മോൻസൻ മാവുങ്കലിന്റെ വാടക വീട്ടിൽ മോഷണം; 20 കോടി വില മതിക്കുന്ന സാധനങ്ങൾ നഷ്ടമായി

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൻ മാവുങ്കലിന്റെ കലൂരിലെ വാടക വീട്ടിൽ മോഷണം. 20 കോടി രൂപ വിലമതിക്കുന്ന സാധനങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്. ഏതൊക്കെ സാധനങ്ങൾ മോഷണം പോയി എന്ന കാര്യത്തിൽ വ്യക്തതയില്ല. എറണാകുളം നോർത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നിലവിൽ പരോളിലാണ് മോൻസൻ.

നിലവിൽ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് മോൻസന്റെ വീടും സാധനങ്ങളും. ഈ സാധനങ്ങൾ എടുക്കാൻ മോൻസന് ഹൈകോടതി അനുമതി നൽകിയിരുന്നു.

അതനുസരിച്ച് വീട്ടിലുള്ള സാധനങ്ങൾ എടുക്കാനാണ് ഉദ്യോഗസ്ഥർക്കൊപ്പം മോൻസൻ എത്തിയത്. അപ്പോഴാണ് വീടിന്റെ ഒരു ഭാഗം പൊളിഞ്ഞത് ശ്രദ്ധയിൽ പെട്ടത്. അതിനകത്തുണ്ടായിരുന്ന പുരാവസ്തുക്കളിൽ പലതും മോഷണം പോയെന്ന് കാണിച്ച് മോൻസൻ പരാതി നൽകുകയായിരുന്നു.

സി.സി.ടി.വി പൊളിച്ചുമാറ്റിയാണ് മോഷണം നടത്തിയത്. രണ്ടാഴ്ച മുമ്പ് വീട് പരിശോധിച്ചപ്പോൾ ഒരുകേടുപാടും കണ്ടെത്തിയിരുന്നില്ല. കലൂരിലെ ഈ വാടക വീട് പുരാവസ്തു മ്യൂസിയം പോലെയായിരുന്നു മോന്‍സന്‍ സൂക്ഷിച്ചിരുന്നത്. 50,000 രൂപയായിരുന്നു വീടിന്റെ പ്രതിമാസ വാടക.

പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് മോന്‍സന്‍ മാവുങ്കലിനെ അറസ്റ്റ് ചെയ്തത്. 2017 മുതല്‍ 2020 വരെ 10 കോടി രൂപ മുതല്‍ മോന്‍സന്‍ തട്ടിയിരുന്നെന്നാണ് പരാതി.

Tags:    
News Summary - Theft at Monson Mavunkal's house in Kaloor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.