വിരലടയാള വിദഗ്ധർ മോഷണം നടന്ന പുന്നോലിലെ വീടിന്റെ വാതിൽ പരിശോധിക്കുന്നു. സമീപം ന്യൂ മാഹി എസ്.എച്ച്.ഒ പി.വി. രാജൻ

പുന്നോലിൽ വീട്ടിൽ മോഷണം; 10 പവനും 1.80 ലക്ഷവും കവർന്നു

ന്യൂമാഹി: പുന്നോൽ മാപ്പിള സ്കൂളിന് സമീപത്തെ വീട്ടിൽ വൻകവർച്ച. 10 പവനും 1,80,000 രൂപയും നഷ്ടപ്പെട്ടു. പുന്നോൽ റെയിൽവെ ഗേറ്റിനടുത്ത ഷബ്നാസിൽ സുലൈഖയുടെ വീട്ടിലാണ് കവർച്ച. ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. ഇരുനില വീടിന്‍റെ അടുക്കള ഭാഗത്തുകൂടി കയറിയ മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽനിന്ന് സ്വർണാഭരണങ്ങളും പണവും കവർന്ന ശേഷം മുറിയിൽ ഉറങ്ങുകയായിരുന്ന സുലൈഖയുടെ കഴുത്തിലെ മാല പൊട്ടിക്കാനും ശ്രമിച്ചു. ഉറക്കമുണർന്ന സുലൈഖ മാലയിൽ പിടിച്ചു.

ഇതിനിടെ കൈയിൽ കിട്ടിയ മാലയുടെ ഭാഗവുമായി മോഷ്ടാക്കൾ കുതറി ഓടി. സുലൈഖ പിന്തുടർന്നെങ്കിലും മോഷ്ടാക്കളെ കിട്ടിയില്ല. കൂരിരുട്ടായതിനാൽ തിരിച്ചറിയാനുമായില്ല. സുലൈഖയും മകളുടെ മൂത്ത മകനും കവർച്ച നടന്ന മുറിയിലും മകൾ ഷബ്നയും ഭർത്താവ് റിയാസും കുട്ടികളും അടുത്ത മുറിയിലുമാണ് ഉറങ്ങിയിരുന്നത്. സുലൈഖ കിടന്ന കട്ടിലിലെ കിടക്കക്കടിയിൽനിന്ന് താക്കോൽ കൈക്കലാക്കിയാണ് അലമാര തുറന്നത്. വീട്ടമ്മയുടെ രണ്ട് മക്കൾ ഗൾഫിലാണ്. പരാതിയെ തുടർന്ന് എസ്.എച്ച്.ഒ പി.വി. രാജന്‍റെ നേതൃത്വത്തിൻ ന്യൂമാഹിപൊലീസെത്തി അന്വേഷണം തുടങ്ങി.

തലശ്ശേരി എ.എസ്.പി അരുൺ പവിത്രൻ, കണ്ണൂരിൽനിന്ന് വിരലടയാള വിദഗ്ധരും ശ്വാന സേനയും സ്ഥലത്തെത്തി പരിശോധന നടത്തി.

Tags:    
News Summary - theft at home in Punnol; Gold and 1.80 lakhs were stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.