തിരുവനന്തപുരം: പി.എം ശ്രീ കരാറിൽ ഒപ്പിട്ടതിന് പിന്നാലെ സമഗ്രശിക്ഷ പദ്ധതിയിൽ കേരളത്തിന്റെ തടഞ്ഞുവെച്ച ഫണ്ടിലെ ആദ്യഗഡു അനുവദിച്ച് കേന്ദ്രസർക്കാർ. 92.41 കോടിയാണ് വിദ്യാഭ്യാസ മന്ത്രാലയം അനുവദിച്ചത്. 2025-26 സാമ്പത്തിക വർഷത്തെ ആദ്യ ഗഡുവാണിത്. കേരളത്തിനുള്ള ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രസർക്കാർ ചൊവ്വാഴ്ച സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു.
ഈ സാമ്പത്തിക വർഷം 456 കോടിയാണ് സമഗ്രശിക്ഷ കേരളത്തിന് കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്. റെക്കറിങ് ഫണ്ട് എന്ന നിലയിലാണ് 92.4 കോടി ലഭിച്ചത്. അക്കാദമിക് ആവശ്യങ്ങൾ, യൂനിഫോം, വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട ഫണ്ടുകൾ, ഭിന്നശേഷി കുട്ടികൾക്കായുള്ള ഫണ്ട്, ശമ്പളം എന്നിവക്കുള്ളതാണ് റെക്കറിങ് ഫണ്ട്. 109 കോടിയാണ് ആദ്യഗഡു ലഭിക്കേണ്ടിയിരുന്നത്. ശേഷിക്കുന്ന 17.6 കോടി ഈയാഴ്ച തന്നെ നൽകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇപ്പോൾ ലഭിച്ച തുകയിൽനിന്ന് പുസ്തകത്തിനും യൂനിഫോമിനും സംസ്ഥാനം ചെലവാക്കിയ ഒരു വിഹിതം നൽകും. ഒപ്പം ഭിന്നശേഷി കുട്ടികളുടെ ആവശ്യങ്ങൾക്കും ഒരു മാസത്തെ ശമ്പളത്തിനും വിനിയോഗിക്കുമെന്ന് എസ്.എസ്.കെ അറിയിച്ചു.
പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് വൻ വിവാദമായിരുന്നു. ദേശീയ വിദ്യാഭ്യാസ നയം പൂർണമായി നടപ്പാക്കാമെന്ന വ്യവസ്ഥ അടങ്ങിയ കരാറാണ് പി.എം ശ്രീ പദ്ധതിക്കായി സംസ്ഥാന സർക്കാർ ഒപ്പിട്ടത്. ഇതിനെതിരെ സി.പി.ഐ ഉയർത്തിയ പ്രതിഷേധം സർക്കാറിലും മുന്നണിയിലും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
കടുത്ത സമ്മർദത്തെ തുടർന്ന് കരാർ സംബന്ധിച്ച് പഠിക്കാൻ ഏഴംഗ മന്ത്രിസഭ ഉപസമിതിയെ നിയോഗിക്കാനും അതുവരെ പദ്ധതി നടപ്പാക്കുന്നില്ലെന്ന് കേന്ദ്രത്തെ കത്ത് വഴി അറിയിക്കാനും മന്ത്രിസഭ തീരുമാനിച്ചിരുന്നു. കത്ത് ഇതുവരെ കേന്ദ്രത്തിന് കൈമാറിയിട്ടില്ല. കത്തയക്കുന്നത് ഉറപ്പാക്കണമെന്ന് ചൊവ്വാഴ്ച ചേർന്ന സി.പി.ഐ സംസ്ഥാന കൗൺസിലിൽ ആവശ്യമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.