തിരുവനന്തപുരം: ഭിന്നശേഷി നിയമനത്തിൽ എൻ.എസ്.എസിന് ലഭിച്ച കോടതി ഉത്തരവ്, സുപ്രീം കോടതിയുടെ അനുമതിക്ക് വിധേയമായി സമാന സ്ഥിതിയിലുള്ള മറ്റു മാനേജ്മെന്റുകൾക്കും ബാധകമാക്കണമെന്നതാണ് സർക്കാർ നയമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ചട്ടം 300 പ്രകാരം നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇത് സംബന്ധിച്ച് സർക്കാർ സുപ്രീംകോടതിയുടെ അനുമതി തേടിയിരിക്കുകയാണ്. കേസ് ഫെബ്രുവരി രണ്ടിന് കോടതിയുടെ പരിഗണനക്ക് വന്നെങ്കിലും ഏപ്രിൽ 14ലേക്ക് മാറ്റിയിട്ടുണ്ട്.
ഇതിൽ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതോടെ ഭിന്നശേഷി വിഷയവുമായി ബന്ധപ്പെട്ട് താൽക്കാലിക - ദിവസവേതന അടിസ്ഥാനത്തിൽ തുടരുന്ന എല്ലാ അധ്യാപകർക്കും അവരുടെ നിയമന തീയതി മുതൽ തന്നെ സ്ഥിര നിയമനം നൽകാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗാർഥികളുടെ അവകാശം സംരക്ഷിക്കുന്നതിനോടൊപ്പം മറ്റു വിഭാഗത്തിലുള്ള അധ്യാപകരുടെ പ്രശ്നങ്ങളും വേഗത്തിൽ പരിഹരിക്കപ്പെടണമെന്നാണ് സർക്കാർ നിലപാട്. അതിന് നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ട്.
എന്നാൽ എൻ.എസ്.എസ് മാനേജ്മെന്റിന് ലഭിച്ച വിധി മറ്റ് മാനേജ്മെന്റുകൾക്കും സമാന രീതിയിൽ ജോലി ചെയ്യുന്ന അധ്യാപകർക്കും ബാധകമാക്കണമെന്ന സർക്കാറിന്റെ അപേക്ഷ ഉടൻ പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
പ്രൊവിഷനൽ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ജീവനക്കാർക്ക് പെൻ നമ്പർ, ലീവ്, ഗ്രൂപ് ഇൻഷുറൻസ്, പി.എഫ്, സ്ഥാനക്കയറ്റം തുടങ്ങിയ സാധ്യമായ എല്ലാ ആനുകൂല്യങ്ങളും നൽകാനുള്ള നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തിലുള്ളവർ ജോലിയിൽ പ്രവേശിക്കുന്ന മുറക്ക്, നിലവിൽ പ്രൊവിഷനലായും ദിവസവേതനടിസ്ഥാനത്തിലും ജോലിചെയ്യുന്ന ജീവനക്കാർക്ക് അവരുടെ നിയമന തീയതി മുതൽ തന്നെ ക്രമീകരണം നടത്താൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.