തിരുവല്ല: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് പണം നിക്ഷേപിച്ചതായി കരുതുന്ന തിരുവല്ലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പൂട്ടിക്കിടക്കുന്ന നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്ന സ്ഥാപനത്തിന്റെ ഹെഡ് ഓഫീസിലും ഉടമ കേരള കോൺഗ്രസ് എം. നേതാവ് എന്‍.എം. രാജുവിന്റെ തിരുവല്ലയിലെ വീട്ടിലും ഇയാളുടെ മാനേജരുടെ തെങ്ങണയിലെ വീട്ടിലുമാണ് പരിശോധന നടന്നത്.
2.5 കോടി രൂപ തന്ത്രി നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റില്‍ നിക്ഷേപിച്ചിരുന്നുവെന്നും സ്ഥാപനം പൂട്ടിയിട്ടും പരാതി നല്‍കിയില്ലെന്നുമായിരുന്നു ആക്ഷേപം. ഇതു സംബന്ധിച്ച് എസ്.ഐ.ടി സംഘവും അന്വേഷണം നടത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ ഇ.ഡി ഉദ്യോഗസ്ഥര്‍ ഒരേ സമയമാണ് മൂന്നിടങ്ങളിലായി പരിശോധന നടത്തിയത്. പരിശോധനക്ക് തിരുവനന്തപുരം സി.ആർ.പി.എഫ് ക്യാമ്പ് ഇന്‍സ്പെക്ടര്‍ വിക്രം നായരുടെ നേതൃത്വത്തിലുള്ള പത്തംഗ സായുധസേന സുരക്ഷ ഒരുക്കി.
തിരുവല്ല കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നെടുംപറമ്പിലിന്റെ പ്രധാന ഓഫീസിലെ പരിശോധന രാത്രി വൈകിയാണ് പൂര്‍ത്തിയായത്. പരിശോധനയുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല. സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടാണ് പരിശോധിക്കുന്നതെന്നു മാത്രമാണ് ഇ.ഡി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അന്വേഷണമെന്നും ഉദ്യോഗസ്ഥര്‍ സൂചന നല്‍കി.
ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചിരുന്ന സ്ഥാപനമായിരുന്നു ഇത്. നിക്ഷേപകരില്‍ നിന്നുള്ള പണം ഷെല്‍ കമ്പനികളിലേക്കു വകമാറ്റിയെന്നും ഭൂമിയും കെട്ടിടങ്ങളും വാങ്ങിയെന്നതുമടക്കമുള്ള പരാതികള്‍ ഇ.ഡിയുടെ അന്വേഷണ പരിധിയിലുണ്ട്. കേരളത്തിലാകെ 150ഓളം ശാഖകളുണ്ടായിരുന്ന എന്‍.സി.എസ് രണ്ട് വര്‍ഷം മുമ്പാണ് നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കാതെ കേസില്‍ അകപ്പെട്ടത്. 2024 മേയ് ഏഴിന് സ്ഥാപന ഉടമ എന്‍.എം. രാജു (64), ഭാര്യ ഗ്രേസ്, മക്കളായ അലന്‍ ജോര്‍ജ്, അന്‍സന്‍ ജോര്‍ജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.