തിരുവനന്തപുരം: 2021-22 വരെ നിയമനാംഗീകാരം ലഭിച്ച എയ്ഡഡ് അധ്യാപകർക്കുകൂടി സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നിലവിൽ 2014-15 അധ്യയന വർഷംവരെ നിയമിതരായ അധ്യാപകർക്ക് മാത്രമാണ് തസ്തിക നഷ്ടപ്പെടുമ്പോൾ സംരക്ഷണത്തിന് അർഹതയുള്ളൂ.
ഇത് 2015-16 മുതൽ 2021-22വരെ നിയമനാംഗീകാരം ലഭിച്ചവർക്കുകൂടി ഉറപ്പാക്കുന്നത് സർക്കാർ അനുഭാവപൂർവം പരിഗണിക്കും. ധനവകുപ്പിന്റെ അഭിപ്രായം ലഭിക്കുന്ന മുറക്ക് അധ്യാപകരുടെ താൽപര്യം സംരക്ഷിക്കുന്ന രീതിയിലുള്ള അന്തിമ തീരുമാനം സർക്കാർ കൈക്കൊള്ളും. ഇത് നടപ്പാക്കുന്നതിലൂടെ 15 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് കണക്കാക്കുന്നത്.
2015-16 മുതൽ 2021-22 വരെ നിയമനാംഗീകാരം ലഭിക്കുകയും സംരക്ഷണമില്ലാത്തതിനാൽ സർവിസിൽനിന്ന് പുറത്താവുകയും ചെയ്ത ജീവനക്കാരുടെ എണ്ണം 242 ആണ്. ഇതിൽ 228 പേർ അധ്യാപകരും 14 പേർ അനധ്യാപകരുമാണ്. എൽ.പി 53, യു.പി 72, എച്ച്.എസ് 103 എന്നിങ്ങനെയാണ് തസ്തിക നഷ്ടപ്പെട്ട അധ്യാപകരുടെ എണ്ണം.
കുട്ടികളുടെ എണ്ണം കുറയുന്നതോടെയാണ് തസ്തിക നഷ്ടപ്പെട്ട് സർവിസിൽനിന്ന് പുറത്തുപോകേണ്ടിവരുന്നത്.
ഒമ്പതുവർഷംവരെ സർവിസിലുള്ള അധ്യാപകർ കുട്ടികൾ കുറയുന്ന കാരണത്താൽ പുറത്തുപോകുന്ന സാഹചര്യം അധ്യാപക സംഘടനകളുൾപ്പെടെ സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തിയതായും ഈ സാഹചര്യത്തിലാണ് ഇവർക്ക് സംരക്ഷണം ഒരുക്കാൻ നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.