ന്യൂഡൽഹി: ഫാഷിസ്റ്റ് സർക്കാറിനെതിരെ ജനാധിപത്യ പ്രതിരോധം തീർക്കാൻ യൂത്ത് ലീഗ് മുന്നിൽ നിൽക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. സംഘടിക്കുക ശക്തരാവുക എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നടത്തുന്ന ‘ബുൻയാദ്‘ സംഘടന ശാക്തീകരണ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ.ടി.
രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ യൂത്ത് ലീഗ് സംഘടന സംവിധാനം ശക്തിപ്പെട്ട് വരുന്നതിൽ സന്തോഷമുണ്ടെന്നും സംസ്ഥാനതലം മുതൽ യൂനിറ്റ് തലം വരെ പ്രവർത്തനങ്ങൾ വിപുലമാക്കാനും ക്രമപ്പെടുത്താനുമുള്ള ‘ബുൻയാദ്’ കാമ്പയിൻ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ഔദ്യോഗിക വെബ് സെറ്റിന്‍റെ ലോഞ്ചിങ്ങും ചടങ്ങിൽ നടന്നു.
എല്ലാ സംസ്ഥാനങ്ങളിലും യൂത്ത് ലീഗ് സംസ്ഥാന ഘടകങ്ങൾ, ഉത്തരേന്ത്യയിൽ പിന്നോക്ക ജനവിഭാഗങ്ങൾ താമസിക്കുന്ന 100 ജില്ലകളിൽ ജില്ല കമ്മിറ്റികൾ, രാജ്യത്തെ പ്രധാന നഗരങ്ങളിളെല്ലാം കോർപറേഷൻ കമ്മിറ്റികൾ, പാർട്ടിക്ക് തെരഞ്ഞെടുപ്പ് സാധ്യതകളുള്ള 200 നിയമസഭ മണ്ഡലങ്ങളിൽ നിയോജക മണ്ഡലം കമ്മിറ്റികൾ, ഉത്തരേന്ത്യയിൽ 5000 യൂനിറ്റ് കമ്മിറ്റികൾ എന്നിവയാണ് കാമ്പയിന്‍റെ പ്രധാന ലക്ഷ്യം.
ഫെബ്രുവരി അഞ്ചിന് തുടങ്ങുന്ന കാമ്പയിൻ ജൂലൈ 30 യൂത്ത് ലീഗ് ദിനത്തിൽ 5000 യൂനിറ്റ് കമ്മിറ്റി ഭാരവാഹികൾ പങ്കെടുക്കുന്ന സമ്മേളനത്തോടെയാണ് സമാപിക്കുക. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ. സർഫറാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി അഡ്വ. ഷിബു മീരാൻ ബുൻയാദ് കാമ്പയിൻ വിശദീകരിച്ചു.
മുസ്ലിം ലീഗ് സീനിയർ വൈസ് പ്രസിഡന്‍റും എം.പിമാരുമായ അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുൽ വഹാബ്, അഡ്വ. ഹാരിസ് ബീരാൻ, കെ.എം.സി.സി ഡൽഹി സെക്രട്ടറി കെ.കെ. മുഹമ്മദ് ഹലിം, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സജ്ജാദ് ഹുസൈൻ അക്തർ ബിഹാർ, സെക്രട്ടറി സാജിദ് നടുവണ്ണൂർ, അസിസ്റ്റന്റ് സെക്രട്ടറി ആസിഫ് അൻസാരി, ഡൽഹി സംസ്ഥാന പ്രസിഡന്റ് മൗലാന നിസാർ അഹമ്മദ്, ജനറൽ സെക്രട്ടറി ഇമ്രാൻ ഇജാസ്, ഹരിയാന സംസ്ഥാന പ്രസിഡന്റ് അസ്ഹറുദ്ദീൻ ചൗധരി, പ്രഫ. ബഷീർ അഹമ്മദ് മീററ്റ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി.പി. അഷ്റഫലി സ്വാഗതവും സെക്രട്ടറി സി.കെ. ശാക്കിർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.